Tuesday, July 30, 2013

വിനയചന്ദ്രികയില്‍ മുങ്ങി മുങ്ങി ....


വിനയചന്ദ്രികയില്‍ മുങ്ങി മുങ്ങി .......
                                  


     എന്പതുകളുടെ അവസാനകാലത്താണ് കവിതയില്‍ പുതിയ മാറ്റവുമായി കവിയരങ്ങുകള്‍ സജീവമാകുന്നത്.  നാട്ടിലെ ക്ലബ്ബുകളും വായനശാലകളും സംഘടിപ്പിയ്ക്കുന്ന പരിപാടികളില്‍ കവിയരങ്ങ് ഒഴിവാക്കാന്‍ കഴിയാത്ത അജണ്ടയായി മാറിയകാലം. കടമ്മനിട്ടയും അയ്യപ്പപണിക്കരും കാവാലവുമൊക്കെ സജ്ജീവമാക്കിയ കവിയരങ്ങുകള്‍.
നാട്ടുവഴക്കത്തിന്റെ അടിത്തറയില്‍ വേറിട്ട ശബ്ദവുമായി ഒരു കവി
“കൂന്ത ചേച്ചിയ്ക്ക് കുഞ്ഞില്ല കൂട്ടില്ല കുഞ്ഞാങ്ങളമാരില്ല “ നീട്ടിയും കുറുക്കിയും കൈകളും തലയും താള ബദ്ധമായി ചലിപ്പിച്ചും കവിത ചൊല്ലുന്ന ഒരാള്‍.....അതാണ്‌ ഞാന്‍ ശ്രീ ഡി വിനയചന്ദ്രനെ ആദ്യമായി കാണുന്ന നിമിഷത്തിന്റെ അക്ഷരചിത്രം.
    പിന്നെ ആ കവിയെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന ആഗ്രഹവുമായി പുസ്തകങ്ങള്‍ തിരയുകയായി. അന്ന് വരെ കേള്‍ക്കാനോ അനുഭവിയ്ക്കാനൊ കഴിഞ്ഞിട്ടില്ലാത്ത ഒരു കാവ്യാനുഭവമായിരുന്നു അദ്ദേഹത്തിന്‍റെ കവിതകള്‍ സമ്മാനിച്ചത്‌. പക്ഷെ ഞാന്‍ കവിതയിലേയ്ക്ക്
വരുമ്പോള്‍ ഇദ്ദേഹത്തിനെ അനുഗമിച്ചില്ല കാരണം പരമ്പരാഗതമല്ല  ( അക്കാലത്ത് വൃത്തവും അലങ്കാരവുമില്ലാത്ത കവിതകള്‍ പൊതുവേ  ആരും അംഗീകരിയ്ക്കില്ല ) എന്നത് തന്നെ. എന്നാലും ആധുനിക കവിത അനുഭവിയ്ക്കാന്‍ എനിയ്ക്ക് കഴിഞ്ഞിരുന്നു.

    കവിതയുടെ ആധുനീക വഴികളെ അമ്ഗീകരിയ്ക്കാത്ത പാരമ്പര്യ വാദികളായ നിരൂപകരുമായി നിരന്തരമായ പോരാട്ടം  നടത്തുന്ന ഒരു പോരാളിയായ വിനയചന്ദ്രനെയാണ് പിന്നീട് കണ്ടതു. ഒരിയ്ക്കല്‍ കൊല്ലത്ത് വച്ച് നടന്ന ഒരു സാഹിത്യസമ്മേളനത്തില്‍ വച്ച് ചങ്ങമ്പുഴയ്ക്ക് ശേഷം മലയാളത്തില്‍ കവിതയില്ലെന്നു പറഞ്ഞു നടക്ക്ന്ന ഒരു പംക്തികാരനായ നിരൂപകനോട് പരസ്യമായി കലഹിയ്ക്കുന്ന കവിയെ കാണാനായി. അതിനു സാക്ഷികളായി കുരീപ്പുഴശ്രീകുമാറും, പഴവിള രമേശനും വി.മധുസൂദനന്‍ നായരും ഒക്കെയുണ്ടായിരുന്നു. കവിതയിലെ പുതുവഴികള്‍ തുറക്കുന്നതിനും രചനയിലെ പുതിയസങ്കേതങ്ങള്‍ അവതരിപ്പിയ്ക്കുന്നതിനു വേണ്ടി ശ്രീ. വിനയചന്ദ്രന് നടത്തിയിട്ടുള്ള ശ്രമങ്ങള്‍ മലയാളസാഹിത്യലോകം മറക്കില്ല.

 പ്രണയത്തെ ഇത്രയേറെ പ്രണയിച്ച മറ്റൊരു കവി മലയാളത്തില്‍ വേറെ കാണില്ല. പ്രകൃതിയെയും മനുഷ്യനെയും പ്രണയവഴികളില്‍ കൂട്ടിയിണക്കിയ
കവിതകള്‍. പിന്നെ കവികള്‍ക്കായി ഒരു ഗ്രാമം –കാവ്യഗ്രമം- അത്      ഡി വിനയചന്ദ്രന്റെ ഒരു സ്വപ്നമാണ്. ഇനിയത് അദ്ദേഹത്തിന്‍റെ സ്മാരകമായി നമ്മള്‍ പൂര്‍ത്തീകരിയ്ക്കെണ്ടാതാണ്.  

      1998 ഇല്‍ എന്റെ കവിതാസമാഹാരത്തിന്റെ പ്രകാശനത്തിന് വേണ്ടി ഇദ്ദേഹത്തെ ക്ഷണിയ്ക്കാന് കോട്ടയത്ത് എം ജി യൂനിവേഴ്സിറ്റിയില്‍ ചെന്നു. എന്നെ അത്ഭുതപ്പെടുത്തുന്ന സ്വീകരണമാണ് ലഭിച്ചത്.  ചിരപരിചിതരെപ്പോലെ എത്ര സ്നേഹത്തോടെയുള്ള പെരുമാറ്റം.   അതുവരെ ദൂരെ നിന്ന് മാത്രം കണ്ടറിഞ്ഞ കവിയെ ഞാന്‍ ഹൃദയത്തില്‍ തൊട്ടറിയുകയായിരുന്നു. വളരെ താല്പര്യപൂര്‍വ്വം എന്റെ കവിതകള്‍ വായിച്ചു നോക്കുകയും അഭിപ്രായങ്ങള്‍ തുറന്നു പറയുകയും ചെയ്തു.

        പിന്നെ അനേകം അവസരങ്ങളില്‍ ആ സ്നേഹത്തിന്റെ തലോടല്‍, എളിമയുടെ തണല്‍ അനുഭവിച്ചു. ഗുരുവെന്നോ സുഹൃത്തെന്നോ സഹോദരനെന്നോ വേര്‍തിരിയ്ക്കാന്‍ കഴിയാത്ത സ്നേഹക്കടല്‍. ഇപ്പോള്‍ അദ്ദേഹം പറയാത്ത പ്രണയഗീതം പോലെ നെഞ്ചകങ്ങളിലെയ്ക്കു ചേക്കേറുന്നു. ഇനിയേത് മന്വന്തരത്തിലാണ് ആ വിനയചന്ദ്രികയില്‍ ഒന്ന് മുങ്ങാന്‍ കഴിയുക? വഴിതെറ്റി എത്തുന്ന പുത്തന്‍ തലമുറയെ നാട്ടുവഴക്കത്തിന്റെ ഇടവഴിയിലൂടെ നടത്തുന്ന ദിശാസൂചകമായി അദ്ദേഹത്തെ  മലയാള കവിതയുടെ വഴിത്താരയില്‍ പ്രതിഷ്ഠിയ്ക്കാം.


==================================================11-02-2013

No comments: