Saturday, December 29, 2012

കവിതാദിനത്തിന്റെ ദീപ്തസ്മരണകള്‍


കവിതാദിനത്തിന്റെ ദീപ്തസ്മരണകള്‍ 

൧൧൮൮ ധനു ൧ .( 1188 ധനു 1 ) 
 തോന്നയ്ക്കലേയ്ക്ക് പോകുവാനായി ആറ്റിങ്ങല്‍ നിന്നും ലോഫ്ലോര്‍ ബസ്സില്‍ കയറുമ്പോള്‍, മലയാളകവിതയ്ക്കായി ഒരു ദിനം എന്ന ചരിത്രപരമായ ദൌത്യത്തില്‍ എന്റെ പങ്കു നിറവേറ്റുവാന്‍ പോകുകയാണെന്ന അഭിമാനബോധം മനസ്സില്‍  നുരഞ്ഞുയരുകയായിരുന്നു. ഞാനെത്തുമ്പോഴെയ്ക്കും പരിപാടി തുടങ്ങിക്കഴിഞ്ഞിരുന്നു.
                     ചിത്രീകരിയ്ക്കപ്പെട്ട ആശംസകളുടെ പ്രദര്‍ശനമാണ് ആദ്യത്തെയെന്റെ കാഴ്ച. ഓ എന്‍ വിയും അക്കിത്തവും  സചിദാനന്ദനുമൊക്കെ ആശംസാസന്ദേശങ്ങളിലൂടെ കാവ്യകേളിയെ അനുമോദിച്ചുപറഞ്ഞു. ഒഎന്‍വിയുടെ സന്ദേശത്തില്‍ പ്രത്യേകിച്ച് പറഞ്ഞ ഒരു കാര്യം കവിതയുടെ നരേഷനില്‍ മാറ്റങ്ങള്‍  സംഭവിയ്ക്കുന്നുന്ടെങ്കിലും അതിന്റെ സ്വത്വം മാറ്റമില്ലതെ നിലക്കൊള്ളുന്നു എന്നതാണ്. അതിനോട് എനിയ്ക്ക് യോജിയ്ക്കുവാന്‍ എന്തുകൊണ്ടോ കഴിയുന്നില്ല .കാരണം വര്‍ത്തമാനകാല കവിതയുടെ സ്ഥിതി അങ്ങനെയല്ലാ എന്നുള്ളത് തന്നെ . പുതിയ കവിതയില്‍ നരേഷനില്‍ മാത്രമല്ല അതിന്റെ സ്വത്വത്തിലും കാതലായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പക്ഷപാതമില്ലാതെ ഇന്നത്തെ കവിതയെ സമീപിയ്ക്കുന്ന ഏവര്‍ക്കും ബോധ്യപ്പെടുന്നതാണ്.

  മലയാളത്തിലെ ലബ്ദപ്രതിഷ്ടരായ കവികള്‍ പി കെ ഗോപിയും മണമ്പൂര്‍ രാജന്‍ബാബുവും ആലംകോട് ലീലാകൃഷ്ണനും ആശംസകള്‍ നേര്‍ന്നു അവിടെ നിന്നും പോയി.അപ്പോഴേയ്ക്കും പട്ടാമ്പി കോളേജില്‍ നിന്നും ചിത്രഭാനുമാഷിന്റെയും ഗീതടീച്ചറുടെയും നേതൃത്വത്തില്‍ കുറച്ചു കുട്ടികള്‍ അവിടെയെത്തി ചിത്രഭാനുമാഷും ഗീതടീച്ചറും  ആശംസകള്‍ അര്‍പ്പിച്ചു അവിടെനിന്നും പോയി .ഇതൊക്കെ മലയാള കവിതാദിനത്തിന്റെ സവിശേഷതകള്‍ ആയിരുന്നു.

                         രണ്ടാമത് നടന്നത് പരിചയപ്പെടുത്തലായിരുന്നു. അന്ന് വരെ മുഖപ്പുസ്തകത്തിലൂടെമാത്രം അറിയുമായിരുന്ന പലരെയും നേരില്‍ കാണാന്‍ കഴിഞ്ഞു .ടി ടി ശ്രീകുമാര്‍,ബാബു തളിയത്ത്‌ ,സച്ച്യെട്ടന്‍ ,ദാമോദര്‍ ,എം എന്‍ പ്രസന്നകുമാര്‍ ,വര്‍മ  തുടങ്ങി പലരെയും ............. കവിതാദിനത്തെ സാന്നിദ്ധ്യം കൊണ്ട് ധന്യമാക്കാന്‍ എത്തിയവര്‍......,. അതു ജീവിതത്തിലെ ഏറ്റവും മഹത്തായ ഒരു മുഹൂര്‍ത്തം തന്നെയായിരുന്നു. കവിതാദിനത്തിന്റെ മാറ്റ് കൂട്ടുന്ന സംഭാഷണങ്ങള്‍, സുഖാന്വേഷണങ്ങള്‍, പിന്നെ രുചികരമായ ഉച്ചഭക്ഷണം ............

ഉച്ചയ്ക്ക് ശേഷം ഹാളിലേയ്ക്ക് ആനയിച്ചത് ഗിരീഷ്‌ കുമാറിന്റെ കവിതചൊല്ലല്‍ ആയിരുന്നു. പിന്നെ ജ്യോതിഭായി പരിയാടത്തിന്റെ മധുരനാദത്തില്‍  വീണപൂവിന്റെ പുനജ്ജന്മം. ഉച്ചയ്ക്ക് ശേഷം കാര്യപരിപാടിയ്ക്ക് അല്പം ഔപചാരികത കൈവന്നു. നവമാധ്യമങ്ങളും  കവിതയും എന്നാ വിഷയത്തില്‍ ടി ടി ശ്രീകുമാര്‍ ഒരു ചിന്ത അവതരിപ്പിച്ചു തുടര്‍ന്ന് ആ വിഷയത്തില്‍ അംഗങ്ങളുടെ കാര്യമാത്രപ്രസക്തവും പ്രൌഡവുമായ ചര്‍ച്ച നടന്നു
സരിതാവര്‍മ മോഡരെട്ടു ചെയ്ത ചര്‍ച്ച ഒരു തവണ അല്പം ചൂട് പിടിയ്ക്കുകയും ചെയ്തു.

നാല് മണി ചായയും കഴിഞ്ഞു എല്ലാവരും ഹാളില്‍ നിന്നും പുറത്തെത്തി.അവിടെ പ്രധാന കെട്ടിടത്തിന്റെ പൂമുഖത്ത് എല്ലാവരും ഇരുന്നു പിന്നെ കവിതചൊല്ലല്‍ .വ്യത്യസ്ത ശബ്ദങ്ങളില്‍ പലപല ഭാവങ്ങളില്‍ കവിത പൂത്തുലയുകയായിരുന്നു.
സൂര്യന്‍ അന്നത്തെ ജോലി തീര്‍ത്ത്‌ സമുദ്ര സ്നാനത്തിനു പോകുമ്പോഴും കവിതകള്‍ പല കണ്ഠങ്ങളില്‍ നിന്നും പൂത്തു കൊണ്ടിരുന്നു. പിന്നെ യാത്ര പറയലുകള്‍, വീണ്ടും കാണണമെന്ന ഓര്‍മപ്പെടുത്തലുകള്‍ , പുതിയ ചുമതലകളുടെ ഭര മേല്പ്പിയ്ക്കല്‍..,. .
   ഗേറ്റ് കടന്നു റോഡിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി അവിടെ എഴുത്ത് പുരയ്ക്ക് മുന്നില്‍ നിന്ന് വീണപൂവിന്റെ നാവു യാത്രാ മംഗളങ്ങള്‍ നേര്‍ന്നു കൈവീശുന്നു വീണ്ടും വരണമെന്ന ഓര്‍മ്മപ്പെടുത്തലോടെ. മനസ്സില്‍ പറഞ്ഞു വരുമിനിയും..............