Thursday, December 26, 2013

കുളമ്പ് രോഗം വന്ന മനുഷ്യര്‍

  കുളമ്പ് രോഗം വന്ന മനുഷ്യര്‍


  നാട്ടിലാകെ ഇപ്പോള്‍ കുളമ്പുരോഗത്തിന്റെ വിളയാട്ടമാണ്. ആറുതരത്തിലുള്ള വൈറസുകള്‍ പടര്‍ത്തുന്ന രോഗത്തെ നിയന്ത്രിയ്ക്കാന്‍ സര്‍ക്കാരിന്റെ കയ്യിലുള്ളത് കാലഹരണപ്പെട്ട ഒരേ ഒരു വാക്സിന്‍ മാത്രം അത് തലങ്ങും വിലങ്ങും കുത്തിവച്ചു നാട്ടിലുള്ള ക്ഷീര കര്‍ഷകന്റെ കഞ്ഞികുടി മുട്ടിച്ചോണ്ടിരിയ്ക്കുകയാണ് താനും. എന്റെ ജീവിതത്തില്‍ ആദ്യാമായാണ് ആനയ്ക്ക് കുളമ്പു രോഗം വന്നു എന്ന് കേള്‍ക്കുന്നത് തന്നെ. കുളമ്പു രോഗത്തുനു രണ്ടു മാസം മുന്പ് വാക്സിനേഷന്‍ നടത്തിയതെയുള്ളൂ, അത് ഉടന്‍തന്നെ പതിമടങ്ങ്‌ വീര്യത്തോടെ തിരിച്ചെത്തി, പിന്നെയും വാക്സിനേഷന്‍ പശുവിനെ ഇപ്പോള്‍ ഇരുന്നൂറ്റിയാല്‍ പോലും പാല് കിട്ടാത്ത പരുവമായി. വാക്സിനേഷന്‍ നടത്തുന്നതിനു അനുസരിച്ച് വൈറസുകള്‍ പ്രതിരോധശക്തി നേടി തിരിച്ചെത്തുമെന്ന് മനസിലാക്കാന്‍ കഴിയാത്ത മൃഗ സംരക്ഷണ വകുപ്പിന് തന്നെ കുളമ്പു രോഗം പിടിച്ചന്നു വേണം കരുതാന്‍.

   എന്റെ പരിചയത്തിലുള്ള ഒരു ക്ഷീരകര്‍ഷകന് മൂന്നു പശുക്കള്‍ ഉണ്ടായിരുന്നതില്‍ രണ്ടെണ്ണം കുളമ്പു രോഗം വന്നു ചത്തു. ആറംഗകുടുംബം കഴിഞ്ഞിരുന്നത് പാല്‍ വിറ്റുള്ള വരുമാനം കൊണ്ടായിരുന്നു. മൂന്നാമത്തെ പശുവിനാനെങ്കില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനാല്‍ പാല്‍ വളരെ കുറഞ്ഞു മൂന്നു മാസത്തിനുള്ളില്‍ രണ്ടു തവണയാണ് കുളമ്പു രോഗത്തിനുള്ള കുത്തിവയ്പ്പ് എടുത്തത്.
   ഇങ്ങനെയുള്ള കുത്തിവയ്പ്പ് എടുക്കുന്നതിലൂടെ നല്‍കപ്പെടുന്ന വാക്സിന്റെ നല്ലൊരളവ് പാലിലൂടെ മനുഷ്യന്റെ ശരീരത്തിലേയ്ക്ക് കടക്കും എന്നതില്‍ ഒരു സംശയവും വേണ്ട. ഇനി മറ്റൊരു കാര്യം വാക്സിനേഷന്‍ നടത്താന്‍ വരുന്ന ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ നില അതീവ ദുഃഖകരമാണ്. അവര്‍ക്ക് ഈ ജോലി ചെയ്യുന്നതിന് വേണ്ടി യാതൊരു വിധത്തിലുള്ള മുന്‍കരുതല്‍ ഉപകരണങ്ങളും നല്‍കിയിട്ടില്ല. ഗ്ലൌസോ മാസ്ക്കോ ഉപയോഗിയ്ക്കാതെ “രക്ഷാ ഒവാക്ക് ട്രൈവാലന്റ്റ് “എന്ന വാക്സിന്‍ കൈകാര്യം ചെയ്യുമ്പോള്‍ അവര്‍ക്ക് സംഭാവിയ്ക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി യാതൊരുവിധ പഠനവും നടത്തിയിട്ടില്ല. മാത്രവുമല്ല ഇവര്‍ക്ക് വേണ്ടത്ര സ്റ്റെറിലൈസ് ചെയ്ത ഉപകരണങ്ങളോ നല്‍കുന്നുമില്ല. പിന്നൊരു കാര്യം ഒരു തൊഴിത്തില്‍ നിന്നും മറ്റൊരു തൊഴുത്തിലെയ്ക്ക് ആ ദിവസം തന്നെ കുത്തിവയ്പ്പ് എടുക്കാന്‍ പോകുന്നതിനാല്‍ ഇവര്‍ ഈ രോഗത്തിന്റെ വൈറസിനെ അവരറിയാത തന്നെ പടര്ത്തുകയും ചെയ്യുന്നു.

  കന്നുകാലി വളര്‍ത്തല്‍ പ്രധാന വ്യവസായമാക്കീട്ടുള്ള ന്യൂസിലന്റ് തുടങ്ങിയ  രാജ്യങ്ങളില്‍ കുളമ്പുരോഗം പോലെ   വ്യാപരണശേഷിയുള്ള രോഗങ്ങള്‍ ഏതെങ്കിലും കന്നുകാലിയില്‍ കണ്ടുകഴിഞ്ഞാല്‍ ആ കാലിയെ ദയാവധം നടത്തി മണ്ണില്‍ വളരെ ആഴത്തില്‍ മറവു ചെയ്യുകയും അതിന്റെ ഉടമയ്ക്ക് മതിയായ ന്ഷടപരിഹാരം നല്‍കുകയും ആ സ്ഥലത്തിനു ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ റൌണ്ട് വാക്സിനേഷന്‍ നടത്തി രോഗം പടരാതെ തന്നെ രോഗത്തെ തടയുന്നത് മൂലം മറ്റുള്ള കര്‍ഷകര്‍ക്ക് യാതൊരു വിധത്തിലുമുള്ള കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകുന്നില്ല. അവരൊന്നും തന്നെ രാജ്യവ്യാപകമായി പ്രതിരോധകുത്തിവയ്പ്പ് നടത്തുന്നില്ല. തന്മൂലം സര്‍ക്കാരിനും കര്‍ഷകനും സാമ്പത്തികബാദ്ധ്യത ഉണ്ടാകുന്നുമില്ല.


 എന്നാല്‍ നമ്മുടെ നാട്ടിലെ രീതിയനുസരിച്ചു സര്‍ക്കാരിന് വന്‍സാമ്പത്തികബാദ്ധ്യതയും കര്‍ഷകന് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങളും വളരെ വലുതാണ്‌. വളരെ നാളുകളായി ഒരു വാക്സിന്‍ തന്നെ ഉപയോഗിയ്ക്കുന്നതിനാല്‍ കൂടുതല്‍ പ്രതിരോധനശേഷി നേടിയ വൈറസുകള്‍ നശിയ്ക്കാതെ നില്‍ക്കുന്നു കൂടുതല്‍ മാരകമായി തിരിച്ചുവരാന്‍. ഈ വാക്സിന്‍റെ നിരന്തരമായ ഉപയോഗത്താല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ മനുഷ്യരില്‍ ഉണ്ടാക്കാനിടയുള്ള ഗുരുതരമായ രോഗങ്ങള്‍ക്കുള്ള സാദ്ധ്യത അനിഷേധ്യമാണ്. നാളെ ഒരു സമയത്ത് മനുഷ്യനുംകുളമ്പുരോഗം  എന്ന വാര്‍ത്ത കേള്‍ക്കാതിരിയ്ക്കനായി ഈ രംഗത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ ഗവേഷണങ്ങളും പഠനങ്ങളും നടത്തി ക്ഷീരകര്‍ഷകരെയും ജനങ്ങളെയും രക്ഷിയ്ക്കന്നതിനു വേണ്ടപ്പെട്ടവര്‍ ശ്രമിയ്ക്കുമെന്നു പ്രത്യാശിയ്ക്കാം.   Friday, November 29, 2013

ഉരലും ആട്ടുകല്ലും

    ഉരലും ആട്ടുകല്ലും

പണ്ടൊക്കെ വൈകുന്നേരമായാല്‍ വീട്ടിലെ സ്ത്രീജനങ്ങള്‍ക്ക് പിറ്റെനാളത്തെ യ്ക്കുള്ള പ്രഭാത ഭക്ഷണത്തിനുള്ള സാമഗ്രികള്‍ ഒരുക്കുന്നതിനുള്ള ഒരു തകൃതിയുണ്ട്. കുതിര്‍ത്ത അരി ഉരലിലിട്ടു ഇരുമ്പുതൊപ്പി(പൂണ്)യുള്ള ഉലക്കയ്ക്ക് ഇടിച്ചു പൊടിയാക്കും അല്ലെങ്കില്‍ അരിയുമുഴുന്നും കുതിര്‍ത്തു ആട്ടുകല്ലില്‍ ആട്ടിയെടുക്കും . ഇതൊക്കെ അല്പം ധനസൌകര്യമൊക്കെയുള്ള ആളുകളുടെ വീട്ടിലെ കാര്യമാണ്. ഞങ്ങള്‍ കുട്ടികള്‍ക്ക് ഇതൊക്കെ കണ്ടുനില്‍ക്കുന്നത് ഏറെ കൌതുകജന്യമായ കാര്യമാണ്. അന്നൊക്കെ സാദാരണക്കാരന്റെ വീടുകളില്‍ പ്രഭാത ഭക്ഷണമായി വല്ല തലേന്നത്തെ ചക്കക്കൂട്ടാനൊ ചീനിക്കൂട്ടാനോ പഴങ്കഞ്ഞിയോ ഉണ്ടെങ്കിലായി. ഉരലും ആട്ടുകല്ലുമൊക്കെ അന്ന് ധനവാന്റെ വീട്ടിലെ ആഡംബര വസ്തുക്കള്‍ ആയിരുന്നു.
ഇന്നത്തെ കുട്ടികളോട് ഉരലും ആട്ടുകല്ലുമൊക്കെ അറിയുമോ എന്ന് ചോദിച്ചാല്‍ അവര്‍ കൈമലര്‍ത്തും. അങ്ങനെയൊരു സാധനം അവര്‍ കണ്ടിട്ടു കൂടിയുണ്ടാവില്ല. ഇന്ന് അവയൊക്കെ പറമ്പിന്റെ ഒഴിഞ്ഞ കോണുകളില്‍ അനാഥമായി ഉപേക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒലക്കേടെ മൂട് എന്നൊക്കെ പലരും പറയുന്നത് കേള്‍ക്കാമെങ്കിലും അത് ചുക്കാണോ ചുണ്ണാമ്പാണോയെന്നു പുതിയ തലമുറയ്ക്കറിയില്ല. ഉരലുചെന്നു മദ്ദളത്തോട് അതുമായി ബന്ധപ്പെട്ട പഴഞ്ചൊല്ല് കൂടി വിസ്മൃതിയില്‍ ആണ്ടുപോയി

കല്ലുരല്‍ 

തടിയുരല്‍ 

Saturday, September 28, 2013

നഗരവികസനം നശിപ്പിയ്ക്കുന്ന ഭൂമിയുടെ ഹരിതകോശങ്ങള്‍

നഗരവികസനം നശിപ്പിയ്ക്കുന്ന ഭൂമിയുടെ
ഹരിതകോശങ്ങള്‍
===================================


   
   അഷ്ടമുടിക്കായലിന്റെ തീരങ്ങള്‍ പൊതുവേ ജൈവവൈവിധ്യങ്ങളുടെ കലവറയായ കണ്ടല്‍ കാടുകളാല്‍ ഒരുകാലത്തു സമ്പന്നമായിരുന്നു. കേരളത്തില്‍ കണ്ടെത്തിയ പതിനഞ്ചിനം കണ്ടല്‍ചെടികളില്‍ പതിമൂന്നിനം സമൃദ്ധമായി വളര്‍ന്നിരുന്നത് അഷ്ടമുടിക്കായലിന്റെ ഓരങ്ങളില്‍ ആയിരുന്നു. ദേശാടനപക്ഷികള്‍ കൂട്ടമായി വന്നെത്തിയിളവേല്‍ക്കാറുണ്ടായിരുന്ന കണ്ടല്‍ക്കാടുകള്‍ ഇന്ന് ഊര്ദ്ദശ്വാസം വലിച്ചുകൊണ്ടിരിയ്ക്കുകയാണ്. മനുഷ്യന്റെ ദീര്‍ഘവീഷണമില്ലാത്ത വികസനത്ത്വരമൂലം കായല്‍ത്തടങ്ങള്‍ മണ്ണിട്ട്‌ നികത്തുകയും തന്മൂലം പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ ആകെ തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്തിരിയ്ക്കുന്നു.
  ഇന്ന് അഷ്ടമുടിക്കായലിന്റെ തീരത്ത്‌ അവശേഷിയ്ക്കുന്ന കണ്ടല്‍ക്കാടുകള്‍ ആശ്രാമം മേഖലയില്‍ മാത്രമാണ്,അതുതന്നെ നേരത്തെയുണ്ടായിരുന്നതിന്റെ പത്തു ശതമാനം മാത്രമാണെന്ന് കേരള ശാസ്ത്ര-സാഹിത്യപരീഷത്തു നടത്തിയ പഠനത്തില്‍ പറയുന്നു. ആയിരക്കണക്കിനു ഹെക്ടര്‍പ്രദേശത്തു വ്യാപിച്ചു കിടന്നിരുന്ന കണ്ടല്‍വനം ഇന്ന് അവശേഷിയ്ക്കുന്നത് നൂറു ഹെക്ടറില്‍ താഴെ മാത്രമാണ്. നഗരവികസനത്തിന്റെയും ടൂറിസം വികസനത്തിന്റെയും പേരില്‍ അനേകം ഹെക്ടര്‍ കണ്ടല്‍വനമാണ് ഇവിടെ നശിപ്പിച്ചത്. അപൂര്‍വ്വയിനത്തില്‍പെട്ടകായല്‍മത്സ്യങ്ങളുടെ കലവറയായിരുന്ന അഷ്ടമുടിക്കായല്‍ തന്നെ ഇന്ന് മാലിന്യക്കയമായി മാറി. മത്സ്യങ്ങളുടെ ശേഖരം ഇന്നു തീരെയില്ലാതായിരിയ്ക്കുന്നു. കായല്‍ മത്സ്യബന്ധനം ഉപജീവനമാക്കിയവരുടെ ജീവിതം ഇന്ന് ദുരിതപൂര്‍ണമായി തീര്‍ന്നിരിയ്ക്കുന്നു.  ഗുരുതരമായ കായല്‍ മലിനീകരണമാണ് കണ്ടല്‍വനങ്ങളുടെ നാശത്തിനു പ്രധാനമായ കാരണങ്ങളിലൊന്ന്. കൊല്ലം നഗരത്തിലെ പ്രധാന ഹൌസ്ബോട്ട് കടവില്‍ എത്തുന്ന വിനോദസഞ്ചാരികളെ ലക്‌ഷ്യം വച്ച് നൂറുകണക്കിന് ഹൌസ്ബോട്ട് സര്‍വ്വീസുകള്‍, മറ്റു യാത്രാബോട്ടുകള്‍ തുടങ്ങിയവയില്‍ നിന്നും പ്രവഹിയ്ക്കുന്ന പ്രെട്രോളിയം മാലിന്യങ്ങളിലും  നഗരത്തിലെ ഒടാകളിലൂടെ ഒഴുകിയെത്തുന്ന ഖര ദ്രാവ മാലിന്യങ്ങളിലും നിന്നും ഉണ്ടാകുന്ന രാസമാലിന്യങ്ങള്‍ കായലില്‍ നിന്നും കണ്ടല്‍ക്കാടിനെ നശിപ്പിയ്ക്കുംപോള്‍, ലിങ്ക് റോഡിനു വേണ്ടിയും ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കിനു വേണ്ടിയും ഹെക്ടര്‍ കണക്കിന് കണ്ടല്‍ക്കാട് കരയില്‍നിന്നും സര്‍ക്കാര്‍ എജെന്‍സികളും നശിപ്പിച്ചു. അങ്ങനെ രണ്ടു തരത്തിലുള്ള നശീകരണമാണ് ഇവിടെ നടന്നുകൊണ്ടിരിയ്ക്കുന്നത്‌. ഇത് വളരെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമാണ് ഇവിടെ ഉണ്ടാക്കിയിരിയ്ക്കുന്നത്.

       വംശനാശഭീഷണി നേരിട്ടുകൊണ്ടിരിയ്ക്കുന്ന കുളവെട്ടി കണ്ടലുകള്‍ നിറഞ്ഞ ആശ്രാമം കണ്ടല്‍ത്തുരുത്തു സംരക്ഷിയ്ക്കേണ്ടത് ഓരോ പ്രക്രുതിസ്നേഹിയുടെയും കടമയാണെന്ന് മനസിലാക്കി ഈ കണ്ടല്‍ക്കാടുകള്‍ നിലനിര്‍ത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.  
    

Monday, August 26, 2013

e-ലകള്‍ പച്ച പൂക്കള്‍ മഞ്ഞ ........

e-ലകള്‍ പച്ച പൂക്കള്‍ മഞ്ഞ ........

2013 ആഗസ്റ്റ്‌ 22 ന്റെ തെളിഞ്ഞ അപരാഹ്നം. കൊല്ലം കരുനാഗപ്പള്ളി ടൌണ്‍ക്ലബ്ബ്

അങ്കണത്തിലേയ്ക്ക് കേരളത്തിന്റെ വടക്കുമുതല്‍ തെക്കു വരെ യുള്ള ദേശങ്ങളില്‍ നിന്നും കവികളും സുഹൃത്തുക്കളും വന്നുചേരുന്നു. ടൌണ്‍ക്ലബ്ബിന്റെ
അങ്കണ൦ കുശലം ചോദിയ്ക്കലും സൗഹൃദം പങ്കുവയ്ക്കലു മായി ശബ്ദായമാനമാകുന്നു. e-ലകളുടെ തണലിലെയ്ക്ക് ചേക്കേറാന്‍ വന്ന കിളികളെപ്പോല്‍ ചില്ലകള്‍ മാറി മാറിയിരുന്നു ഓരോരുത്തരും പരിചയം പുതുക്കുകയും പുതിയവരെ പരിചയപ്പെടുകയും ചെയ്യുന്നു. 

ആല്ത്തറ ഫെയിസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പച്ചമലയാളം പബ്ലിക്കേഷന്സ് പ്രസിദ്ധീകരിച്ച *e-ലകള്‍ പച്ച പൂക്കള്‍ മഞ്ഞ* എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനകര്മം നടക്കുന്നത് ഇവിടെ വച്ചാണ്. ആല്ത്തറയുടെ ഒരു അഡ്മിന്‍ കുമാര്‍കൃഷ്ണന്‍ ഓടിനടന്നു കൂടെയുള്ളവര്ക്ക് എന്തൊക്കെയോ നിര്ദ്ദേ ശങ്ങള്‍ നല്കുന്നു. ഹാളില്‍  നിറസാന്നിദ്ധ്യം പോലെ അനശ്വരനായ ജഗദീഷ് ചവറ(ജഗ്ഗു)യുടെ അദൃശ്യമായ പെരുമാറ്റങ്ങള്‍. കസേരകളില്‍ ജഗദീഷിന്റെ മാതാപിതാക്കളും സഹോദരിമാരും അനന്തിരവരും വീര്പ്പടക്കിയിരി യ്ക്കുന്നു. സ്വപ്നങ്ങളിലേയ്ക്ക് യാത്രപോയ ആ സുഹൃത്തിനെ വാക്കും നിശബ്ദതയും കൊണ്ട് സ്മരണാഞ്ജലി നല്കി കൂട്ടുകാരും ബന്ധുക്കളും. *e-ലകള്പ ച്ച പൂക്കള്മഞ്ഞ* അവന്റെയും സ്വപ്നമായിരുന്നല്ലോ. ആ സ്വപ്നം ഇന്ന് യാഥാര്ത്ഥ്യ ത്തിലേയ്ക്ക് പൂവിടുകയാണ്. 


സമയം 3.30pm.

ഇപ്പോള്‍ ക്ലബ്ബിന്റെ ആഡിറ്റൊറിയത്തിലും പുറത്തും നിറയെ ആളുകള്‍. ഞാന്‍ കുമാറിനോട് പറഞ്ഞു നമുക്ക് കവിയരങ്ങു തുടങ്ങാം ഇപ്പോള്‍ തന്നെ വൈകി. കുമാര്‍ സമ്മതം മൂളി. ആല്ത്തറ കൂട്ടായ്മയുടെ കാര്യപരിപാടികള്‍ തത്സമയം സംപ്രേഷണം നടത്തുന്നതിനു കുമാറും തയ്യാറായി. ലോകത്തെമ്പാടുമുള്ള മലയാളി സുഹൃത്തുക്കള്‍ അത് നേരില്‍ കാണുന്നതിനു ഞങ്ങളോടൊപ്പം ഉണ്ടെന്ന ആത്മവിശ്വാസത്തില്‍ കാര്യപരിപാടികള്‍ ആരംഭിച്ചു. കവിയരങ്ങിനു അദ്ധ്യക്ഷത വഹിയ്ക്കാന്‍ നമ്മുടെ അജിത്‌ കെ സി യെ ക്ഷണിച്ചു. ആര്‍ കെ ഹരിപ്പാട് സ്വാഗതം പറഞ്ഞതോടുകൂടി കവിയരങ്ങ് ആരംഭിച്ചു. വിവിധ ആശയങ്ങള്‍ ഒരു നൂലില്‍ കെട്ടിയപോലെ കേരളത്തിലെ പ്രമുഖ യുവകവികള്‍ കവിയരങ്ങിനു പൊലിമ കൂട്ടി. രജീഷ് ചിത്തിര ഉദഘാടന൦ നിര്വിഹിച്ചു. പ്രമുഖ കവികളായ ഇടക്കുളങ്ങര ഗോപന്‍, അജിത്‌ കെ സി, റോയ്‌ കെ ഗോപാല്‍, ഉത്തരകുട്ടന്‍, ബാബു നാരായണന്‍, ഫൈസല്‍ പകല്ക്കുറി, സുധീര്‍ രാജ്, ആനന്ദ്‌ മണിപ്പുഴ, ഹരിശങ്കരന്‍ അശോകന്‍, കവിത കുറുപ്പ്, ശ്യാം, സുജിത് കുമാര്‍, ഉസ്മാന്‍ മുഹമ്മദ്‌ അരുണ്‍ കാളീശ്വരി, കാര്ത്തി ക പ്രകാശ്‌ (ജഗ്ഗുവിന്റെ അനന്തിരവള്‍)എന്നിവരു൦ പിന്നെ ഈ ഞാനും കവിതകള്‍ അവതരിപ്പിച്ചു. കൂട്ടത്തില്‍ സുജിത്കുമാര്‍, കൈതപ്രത്തിന്റെ കവിത ചൊല്ലിയത് വേറിട്ട ഒരു അനുഭവമായിരുന്നു. കുടമാറ്റത്തിനു മുമ്പുള്ള ഇലഞ്ഞിത്തറമേളം പോലെ മനസ് നിറഞ്ഞ കാവ്യാലാപനം. 

തുടര്ന്ന് അക്ഷരങ്ങളിലൂടെ മാത്രം അറിഞ്ഞ സൌഹൃദങ്ങളെ പൊതു വേദിയില്‍ പരിചയപ്പെടുത്തല്‍ ചടങ്ങായിരുന്നു. അത് ഭാവനയില്‍ മെനഞ്ഞെടുത്ത രൂപങ്ങള്‍ പൊട്ടിത്തകര്ന്നു വീഴുന്ന നിമിഷമായിരുന്നു. എഴുത്തുകൊണ്ടും പേരുകൊണ്ടും ആജാനബാഹുക്കളായിക്കരുതിയവര്‍ പേര് പറഞ്ഞു പരിചയപ്പെടുത്തിയപ്പോള്‍ പലരുടെയും മുഖങ്ങളില്‍ ആശ്ചര്യം വിരിയുന്നുണ്ടായിരുന്നു.


സമയം 5.15pm.

പകലോന്‍ പശ്ചിമ സ്നാനഘട്ടത്തിലേയ്ക്ക് സന്ധ്യാ വന്ദനത്തിനു പോകാന്‍ തയ്യാറെടുക്കുന്നു. മുറ്റത്തെ കിളിമരച്ചില്ലയില്‍ പറന്നിരുന്ന കുരുവികള്‍ നേരമായെന്നു മൊഴിയുന്നു. അതെ ആ സുമുഹൂര്ത്ത ത്തിനു നേരമായി. അദ്ധ്യക്ഷനായി എന്നെ നിയോഗിച്ചു അറിയിപ്പ് വന്നു. ഹാളിനു പുറത്തു നിന്നവരെല്ലാം അകത്തു കയറി ഇരിപ്പുറപ്പിച്ചു.


പ്രിയപ്പെട്ട ജഗ്ഗുവിനു സ്മരണാഞ്ജലി അര്പ്പിരച്ചു പ്രകാശനചടങ്ങുകള്ക്ക് തുടക്കമായി. ജഗ്ഗുവിനെക്കുറിച്ച് പറയുമ്പോള്‍ സദസ്യരുടെ കണ്ണുകള്‍ ഈറനായി. പലരും കണ്ണ് തുടയ്ക്കുന്നുണ്ടാ യിരുന്നു. അപ്പോള്‍ പുറത്തുനിന്നും അകത്തേയ്ക്ക് ഒരു ചെറുകാറ്റു വീശി. ജഗ്ഗുവിന്റെ ആദൃശ്യ സാന്നിദ്ധ്യം പോലെ.
യോഗത്തിനു എത്തിയ വിശിഷ്ടാതിഥികളെ സദസിനു പരിചയപ്പെടുത്തി ആല്ത്തറയുടെ അഡ്മിന്‍ ശ്രീ. കുമാര്‍ കൃഷ്ണന്‍ സ്വാഗതം ചെയ്തു.
കൂട്ടത്തില്‍ ആല്ത്തറ കൂട്ടായ്മ ഏറ്റെടുക്കുന്ന ജീവകാരുണ്യ പ്രവര്ത്ത്ന ത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചു. പുസ്തകം വിറ്റുകിട്ടുന്ന മുഴുവന്‍ തുകയും സമൂഹത്തില്‍ കഷ്ടതയനുഭവിയ്ക്കുന്നവര്ക്ക് നല്കുന്നതിനാണ് ആല്ത്ത റ തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിച്ചപ്പോള്‍ സദസ് കരഘോഷ ത്തോടെ തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു. ഒപ്പം അവരുടെ മനസുകളില്‍ ജഗ്ഗുവിന്റെ സ്മരണകള്‍ മിന്നിമാഞ്ഞു. ആല്ത്തറ കൂട്ടായ്മയുടെ വളരെ നാളത്തെ സ്വപ്നമാണ് ഇന്ന് പൂവണിയുന്നത്. കുമാറിന്റെ സ്വാഗത പ്രഭാഷണം കഴിഞ്ഞപ്പോള്‍ പ്രകാശന൦ നിര്വ്വഹിയ്ക്കാന്‍ ശ്രീ.മുരുകന്‍ കാട്ടാക്കടയെ ക്ഷണിച്ചു. അദ്ദേഹം പച്ചമലയാളം പബ്ലിക്കേഷന്സ്പ്ര സിദ്ധീകരിച്ച e-ലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന കവിതാസമാഹാര൦ ശ്രീ.കോട്ടുക്കല്‍ സാബുവിന് നല്കിയും
ശ്രീ ആര്‍ കെ ഹരിപ്പാടിന്റെ ചക്രങ്ങള്‍ എന്ന ഓഡിയോ സി ഡി ശ്രീ.ടി ജി വിജയകുമാറിന് നല്കി‍യും പ്രകാശനം ചെയ്തു.
തുടര്ന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ മുരുകന്‍ കാട്ടാക്കട സംസാരിച്ചു. എഴുത്തുകാര്ക്ക് അത്യാവശ്യം e-സാക്ഷരത വേണമെന്നും അതില്ലത്തതുകൊണ്ട് തനിയ്ക്ക് അത് തേങ്ങാക്കുലയാണെന്നും അവിടെ നടക്കുന്നത് പുറത്തു പറയാന്‍ കൊള്ളാത്ത കാര്യങ്ങളാണെന്നും പറഞ്ഞപ്പോള്‍ സദസൊന്നടങ്കം ഞെട്ടിപ്പോയി. അന്തരീഷം കൂടുതല്‍ ചൂടുപിടിച്ചു. എല്ലാമുഖങ്ങളിലും ഒരു അമര്ഷം നീറിപ്പുകയുന്നുണ്ടായിരുന്നു.എന്റെ ഉപക്രമ സംഭാഷണത്തില്‍ അതിനു  മറുപടി കൊടുത്തപ്പോഴാണ് സദസിന്റെ പിരിമുറുക്കം അല്പം കുറഞ്ഞത്‌. ലോകത്തിന്റെ വിവിധ ഇടങ്ങളിലുള്ള മലയാളികളായ അക്ഷരസ്നേഹികളെ കൂട്ടിയിണക്കുന്ന തിനു കാരണമായി വര്ത്തിച്ചതു മുഖപുസ്തമാണെന്നും ഓണ്ലൈകന്‍ കൂട്ടായ്മകള്‍ ഇന്നത്തെ സാമൂഹിക ജീവിതത്തിലും സാംസ്കാരിക പ്രവര്ത്ത്നത്തിലും ചെറുതല്ലാത്ത പങ്കു വഹിയ്ക്കുന്നത് നാം തിരിച്ചരിയാതിരിയ്ക്കരുതെന്നും പറഞ്ഞു.

തുടര്ന്ന് സംസാരിയ്ക്കാനായെത്തിയ, എഴുത്തുകാരനും സാഹിത്യ പ്രവര്ത്തതകനുമായ ശ്രീ.സാബു കോട്ടുക്കല്‍

e-സാഹിത്യത്തിന്റെ വര്ത്തമാനകാലപ്രസക്തിയും ഓണ്ലൈയന്‍ കവിതയുടെ ശക്തിയും e-ലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന കവിതാ സമാഹാരത്തിലെ പ്രസാദ് സോമരാജന്റെ കവിതയെ ഉദ്ധരിച്ച്‌ വിശദമാക്കുകയും ഭാവിയില്‍ സാഹിത്യത്തിനു e-യെഴുത്തുകള്‍ മുഖേന മികച്ച സംഭാവനകള്‍ ലഭിയ്ക്കുമെന്നും പ്രത്യാശിച്ചു. 

വര്ത്തമാനകാലത്തില്‍ ഓണ്ലൈുന്‍ കൂട്ടായ്മകളുടെ പ്രസക്തിയും അവ നല്കു ന്ന മാനസികവും ധിക്ഷണാപരവുമായ സംഭാവനകളെയും ജീവകാരുണ്യപ്രവര്ത്തനങ്ങളെയും പരാമര്ശിച്ചുകൊണ്ടാണ്‌ എഴുത്തു കാരനും സാംസ്ക്കാരിക പ്രവര്ത്ത്കനുമായ ശ്രീ.ടി ജി വിജയകുമാര്‍

തന്റെ സംഭാഷണം ആരംഭിച്ചത്. ആര്‍ കെ ഹരിപ്പാടിന്റെ *ചക്രങ്ങള്‍* എന്ന ഓഡിയോ സി ഡി യിലെ കവിതകളെ നിരൂപണം ചെയ്തു കൊണ്ട് സാഹിത്യത്തിലും മുഖപുസ്തകത്തിലും ഇന്ന് നമ്മുടെ സമൂഹത്തില്‍ കാണുന്ന എല്ലാ നന്മതിന്മകളുടെയും തനിപ്പകര്പ്പു കള്‍ ഉണ്ടെന്നു൦ അവയില്‍ നിന്നും നല്ലതിനെ മാത്രം നാം സ്വീകരിയ്ക്കണ മെന്നും ബാക്കിയുള്ളവയെ അര്ഹിയ്ക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും അദ്ദേഹം സദസിനെ ഓര്മിപ്പിച്ചു. വാസ്തവത്തില്‍ മുഖപ്പുസ്തകമെന്നത് മുഖമില്ലാത്ത പുസ്തകമാണെന്നും അവിടെ പത്രാധിപന്മാരുടെ കത്രികയ്ക്കു സ്ഥാനമില്ലെന്നും തുറന്നെഴുത്തിനുള്ള എല്ലാ സാദ്ധ്യതകള്‍ ഉണ്ടെന്നും പറഞ്ഞു. 

*e-ലകള്പുച്ച പൂക്കള്‍മഞ്ഞ* എന്ന കവിതാസമാഹാരത്തിലെ കവിതകളുടെ ശക്തിയും ശേമുഷിയും വിലയിരുത്തിക്കൊണ്ടാണ് മലയാളത്തിലെ എണ്ണപ്പെട്ട നിരൂപകരില്‍ പ്രഥമഗണനീയനായ ഡോ.ആര്‍ ഭദ്രന്‍

തന്റെ സംഭാഷണത്തിനു തുടക്കമിട്ടത്. കവി ശ്രീ. സുധീര്‍ രാജിന്റെ യേശുദാസന്‍ എന്ന കവിതയെ ഉദാഹരിച്ചു വര്ത്തമാന കാല കവിതയില്‍ വന്ന രൂപപരവും ആഖ്യാനപരവുമായ മാറ്റവും കവിതയ്ക്ക് അതുവഴി ലഭിയ്ക്കുന്ന കെട്ടുറപ്പും ശ്ലാഘനീയമാണെന്നും എടുത്തു പറയുകയുണ്ടായി. പ്രസ്തുത സമാഹാരത്തിലെ എല്ലാ കവിതകളിലും ഇത്തരത്തിലുള്ള പ്രത്യേകതകള്‍ കാണാന്‍ കഴിയുമെന്നും അവയൊക്കെ വര്ത്തമാനകാലസാഹിത്യത്തില്‍ ഓരോ നാഴികക്കല്ലുകളാ യിത്തന്നെ നിലക്കൊള്ളുമെന്നു൦ പ്രസ്താവിച്ചു. ആകെക്കൂടി നോക്കുമ്പോള്‍ e-ലകള്പച്ച പൂക്കള്മഞ്ഞ എന്ന പേര് സൂചിപ്പിയ്ക്കും പോലെ വൈവിധ്യതകള്‍ നല്കു്ന്ന സൌന്ദര്യത്തിന്റെ ഉയര്ന്ന തലം തന്നെ സൃഷ്ടിയ്ക്കുന്നു. അത് തന്നെയാണ് ഏറ്റവും പരമപ്രധാനമായ തെന്നും അദ്ദേഹം പറഞ്ഞു.

കേളികൊട്ട് മാഗസിന്റെ എഡിറ്ററും കഥാകൃത്തുമായ ശ്രീ നിധീഷ്

ഓണ്ലൈന്‍ എഴുത്തിന്റെ കരുത്തും സാധ്യതകളും പരാമര്ശിച്ചു കൊണ്ടാണ് തന്റെ ആശംസാപ്രസംഗം ആരഭിച്ചത്. അനതി വിദൂരമായ ഭാവിയില്‍ അച്ചടി മാദ്ധ്യമത്തില്‍ നിന്നും e-മാദ്ധ്യമത്തിലെയ്ക്ക് നമ്മുടെ വായന പൂര്ണമായി മാറുമെന്നും ആ മാറ്റത്തെ നാം ഹൃദയപൂര്വ്വം സ്വീകരിയ്ക്കുകയാണ് മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിതസാഹചര്യങ്ങളില്‍ ഏറ്റവും കരണീയമായിട്ടുള്ളതെന്നും സദസിന്റെ കരഘോഷത്തെ സാക്ഷി നിര്ത്തി പറയുകയുണ്ടായി.

ആല്ത്തറ ക്കൂട്ടായ്മയുടെ മറ്റൊരു അഡ്മിന്‍ ശ്രീമതി ശബ്നാ അഭിലാഷിന്റെ

കൃതജ്ഞതാ പ്രകാശനത്തോടെ പുസ്തകപ്രകാശന ചടങ്ങുകള്‍ പൂര്ത്തിയാക്കി പിരിയുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ പൂര്ത്തീ കരിയ്ക്കപ്പെട്ട സ്വപ്നത്തിന്റെ നിറവും ശബളിമയും നിറയുകയായിരുന്നു, ഒപ്പം തുടര്പ്രവര്ത്ത നമായി ഏറ്റെടുത്ത ജീവകാരുണ്യപ്രവൃത്തിയുടെ ലക്‌ഷ്യം നിറവേറ്റാനുള്ള പ്രതിജ്ഞയും. അപ്പോള്‍ ക്ലബ്ബങ്കണത്തിലെ കിളിമരചില്ലകള്‍ തലയാട്ടി വിജയാശംസകള്‍ നേര്ന്നു കൊണ്ട് എല്ലാവര്ക്കും യാത്രാനുമതി നല്കി. ഞങ്ങള്‍ വരാന്തയി ലേയ്ക്കു നടക്കുമ്പോള്‍ ഹാളിനുള്ളില്‍ നിന്നുമൊരു നനുത്തകാറ്റ് ഞങ്ങളെ തഴുകി പുറത്തേയ്ക്ക് പോകുമ്പോള്‍ പറഞ്ഞു *എന്നെ വിളിയ്ക്കരുത്‌, ഞാന്‍ എന്റെ സ്വപ്നങ്ങളിലേയ്ക്ക് പോകുന്നു*. വെളിയില്‍ നിയോണ്‍ വെളിച്ചത്തില്‍ പച്ച e-ലകള്‍ കാറ്റിലാടുകയും മഞ്ഞപ്പൂക്കള്‍ തിളങ്ങുകയുമായിരുന്നു.

Tuesday, July 30, 2013

വിനയചന്ദ്രികയില്‍ മുങ്ങി മുങ്ങി ....


വിനയചന്ദ്രികയില്‍ മുങ്ങി മുങ്ങി .......
                                  


     എന്പതുകളുടെ അവസാനകാലത്താണ് കവിതയില്‍ പുതിയ മാറ്റവുമായി കവിയരങ്ങുകള്‍ സജീവമാകുന്നത്.  നാട്ടിലെ ക്ലബ്ബുകളും വായനശാലകളും സംഘടിപ്പിയ്ക്കുന്ന പരിപാടികളില്‍ കവിയരങ്ങ് ഒഴിവാക്കാന്‍ കഴിയാത്ത അജണ്ടയായി മാറിയകാലം. കടമ്മനിട്ടയും അയ്യപ്പപണിക്കരും കാവാലവുമൊക്കെ സജ്ജീവമാക്കിയ കവിയരങ്ങുകള്‍.
നാട്ടുവഴക്കത്തിന്റെ അടിത്തറയില്‍ വേറിട്ട ശബ്ദവുമായി ഒരു കവി
“കൂന്ത ചേച്ചിയ്ക്ക് കുഞ്ഞില്ല കൂട്ടില്ല കുഞ്ഞാങ്ങളമാരില്ല “ നീട്ടിയും കുറുക്കിയും കൈകളും തലയും താള ബദ്ധമായി ചലിപ്പിച്ചും കവിത ചൊല്ലുന്ന ഒരാള്‍.....അതാണ്‌ ഞാന്‍ ശ്രീ ഡി വിനയചന്ദ്രനെ ആദ്യമായി കാണുന്ന നിമിഷത്തിന്റെ അക്ഷരചിത്രം.
    പിന്നെ ആ കവിയെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന ആഗ്രഹവുമായി പുസ്തകങ്ങള്‍ തിരയുകയായി. അന്ന് വരെ കേള്‍ക്കാനോ അനുഭവിയ്ക്കാനൊ കഴിഞ്ഞിട്ടില്ലാത്ത ഒരു കാവ്യാനുഭവമായിരുന്നു അദ്ദേഹത്തിന്‍റെ കവിതകള്‍ സമ്മാനിച്ചത്‌. പക്ഷെ ഞാന്‍ കവിതയിലേയ്ക്ക്
വരുമ്പോള്‍ ഇദ്ദേഹത്തിനെ അനുഗമിച്ചില്ല കാരണം പരമ്പരാഗതമല്ല  ( അക്കാലത്ത് വൃത്തവും അലങ്കാരവുമില്ലാത്ത കവിതകള്‍ പൊതുവേ  ആരും അംഗീകരിയ്ക്കില്ല ) എന്നത് തന്നെ. എന്നാലും ആധുനിക കവിത അനുഭവിയ്ക്കാന്‍ എനിയ്ക്ക് കഴിഞ്ഞിരുന്നു.

    കവിതയുടെ ആധുനീക വഴികളെ അമ്ഗീകരിയ്ക്കാത്ത പാരമ്പര്യ വാദികളായ നിരൂപകരുമായി നിരന്തരമായ പോരാട്ടം  നടത്തുന്ന ഒരു പോരാളിയായ വിനയചന്ദ്രനെയാണ് പിന്നീട് കണ്ടതു. ഒരിയ്ക്കല്‍ കൊല്ലത്ത് വച്ച് നടന്ന ഒരു സാഹിത്യസമ്മേളനത്തില്‍ വച്ച് ചങ്ങമ്പുഴയ്ക്ക് ശേഷം മലയാളത്തില്‍ കവിതയില്ലെന്നു പറഞ്ഞു നടക്ക്ന്ന ഒരു പംക്തികാരനായ നിരൂപകനോട് പരസ്യമായി കലഹിയ്ക്കുന്ന കവിയെ കാണാനായി. അതിനു സാക്ഷികളായി കുരീപ്പുഴശ്രീകുമാറും, പഴവിള രമേശനും വി.മധുസൂദനന്‍ നായരും ഒക്കെയുണ്ടായിരുന്നു. കവിതയിലെ പുതുവഴികള്‍ തുറക്കുന്നതിനും രചനയിലെ പുതിയസങ്കേതങ്ങള്‍ അവതരിപ്പിയ്ക്കുന്നതിനു വേണ്ടി ശ്രീ. വിനയചന്ദ്രന് നടത്തിയിട്ടുള്ള ശ്രമങ്ങള്‍ മലയാളസാഹിത്യലോകം മറക്കില്ല.

 പ്രണയത്തെ ഇത്രയേറെ പ്രണയിച്ച മറ്റൊരു കവി മലയാളത്തില്‍ വേറെ കാണില്ല. പ്രകൃതിയെയും മനുഷ്യനെയും പ്രണയവഴികളില്‍ കൂട്ടിയിണക്കിയ
കവിതകള്‍. പിന്നെ കവികള്‍ക്കായി ഒരു ഗ്രാമം –കാവ്യഗ്രമം- അത്      ഡി വിനയചന്ദ്രന്റെ ഒരു സ്വപ്നമാണ്. ഇനിയത് അദ്ദേഹത്തിന്‍റെ സ്മാരകമായി നമ്മള്‍ പൂര്‍ത്തീകരിയ്ക്കെണ്ടാതാണ്.  

      1998 ഇല്‍ എന്റെ കവിതാസമാഹാരത്തിന്റെ പ്രകാശനത്തിന് വേണ്ടി ഇദ്ദേഹത്തെ ക്ഷണിയ്ക്കാന് കോട്ടയത്ത് എം ജി യൂനിവേഴ്സിറ്റിയില്‍ ചെന്നു. എന്നെ അത്ഭുതപ്പെടുത്തുന്ന സ്വീകരണമാണ് ലഭിച്ചത്.  ചിരപരിചിതരെപ്പോലെ എത്ര സ്നേഹത്തോടെയുള്ള പെരുമാറ്റം.   അതുവരെ ദൂരെ നിന്ന് മാത്രം കണ്ടറിഞ്ഞ കവിയെ ഞാന്‍ ഹൃദയത്തില്‍ തൊട്ടറിയുകയായിരുന്നു. വളരെ താല്പര്യപൂര്‍വ്വം എന്റെ കവിതകള്‍ വായിച്ചു നോക്കുകയും അഭിപ്രായങ്ങള്‍ തുറന്നു പറയുകയും ചെയ്തു.

        പിന്നെ അനേകം അവസരങ്ങളില്‍ ആ സ്നേഹത്തിന്റെ തലോടല്‍, എളിമയുടെ തണല്‍ അനുഭവിച്ചു. ഗുരുവെന്നോ സുഹൃത്തെന്നോ സഹോദരനെന്നോ വേര്‍തിരിയ്ക്കാന്‍ കഴിയാത്ത സ്നേഹക്കടല്‍. ഇപ്പോള്‍ അദ്ദേഹം പറയാത്ത പ്രണയഗീതം പോലെ നെഞ്ചകങ്ങളിലെയ്ക്കു ചേക്കേറുന്നു. ഇനിയേത് മന്വന്തരത്തിലാണ് ആ വിനയചന്ദ്രികയില്‍ ഒന്ന് മുങ്ങാന്‍ കഴിയുക? വഴിതെറ്റി എത്തുന്ന പുത്തന്‍ തലമുറയെ നാട്ടുവഴക്കത്തിന്റെ ഇടവഴിയിലൂടെ നടത്തുന്ന ദിശാസൂചകമായി അദ്ദേഹത്തെ  മലയാള കവിതയുടെ വഴിത്താരയില്‍ പ്രതിഷ്ഠിയ്ക്കാം.


==================================================11-02-2013

Friday, May 17, 2013

കവിതയിലെ കാലബോധങ്ങള്‍ (2)വര്‍ത്തമാനകാല കവിതകള്‍ കൂടുതലും ഗദ്യത്തിലാണ് എഴുതപ്പെടുന്നത്‌. അതിനാല്‍ തന്നെ എഴുത്ത്കാരന് യഥേഷ്ടം സ്വാതന്ത്ര്യം എടുക്കുന്നതിനുള്ള അവസരമുണ്ട് എന്ന ധാരണയില്‍ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന തരത്തില്‍ കണ്ണില്‍ കണ്ടതും കണ്ടകടശാണിയുമൊക്കെ എഴുത്തില്‍ കുത്തി നിറച്ചു അനുഭവവും എഴുത്തിന്റെ ശൈലിയും നന്നായി അറിയാവുന്ന കവികളെ തോല്പ്പിയ്ക്കണമെന്ന വാശിയോടു കൂടി ഇ-മാദ്ധ്യമത്തില്‍ പ്രതിഷ്ടിയ്ക്കുന്നു. ഫലമോ പിന്നാലെ വരുന്നവര്‍ “മുമ്പേ ഗമിച്ചീടിന ഗോവു തന്റെ പിമ്പേ ഗമിയ്ക്കും ബഹുഗോക്കളെല്ലാ൦“ എന്നാ ന്യായത്തില്‍ ഇവിടെ കാണുന്നതാണ് കവിതയുടെ ശൈലിയെന്നു ധരിച്ചു വശായി കുറെക്കൂടി യുക്തി ഭദ്രമല്ലാത്ത  വാക്കുകള്‍ കുത്തി നിറയ്ക്കുന്നു. ഇത്തരം അബദ്ധപഞ്ചാംഗശില്‍പ്പികള്‍ പറയുന്നതാണ് കവിതയിലെ അവസാന വാക്ക് എന്ന ധാരണയില്‍ പുതിയ എഴുത്തുകാര്‍ അവര്‍ക്ക് പിന്നാലെ പോകാനുള്ള സാദ്ധ്യത തീര്‍ത്തും തള്ളിക്കളയാവുന്നതല്ല.
പുതിയ എഴുത്തുകാരെ സംബന്ധിച്ചിടത്തോളം പദ്യരൂപത്തിലുള്ള എഴുത്ത് ശീലിയ്ക്കുന്നതാണ് വളരെ നല്ലത് എങ്കില്‍ മാത്രമേ എഴുത്തിനു ഇഴയടുപ്പം ഉണ്ടാകുകയുള്ളൂ. നിശ്ചിതമായ താളത്തിലോ വൃത്തത്തിലോ എഴുതുമ്പോള്‍ വാക്കുകള്‍ തെരഞ്ഞെടുക്കുന്നതിനും പ്രയോഗിയ്ക്കുന്നതിനും ആദ്യമൊക്കെ അല്പം പ്രയാസം തോന്നുമെങ്കിലും പരിശീലിച്ചു കഴിയുംപോള്‍ വളരെ എളുപ്പമായിരിയ്ക്കും. മാത്രവുമല്ല നിയതമായ സ്ഥലത്ത് ഉപയോഗിയ്ക്കേണ്ട വാക്കുകള്‍ ചെറുതോ വലുതോ അതുമല്ലെങ്കില്‍ രണ്ടു വാക്കുകള്‍ കൂട്ടി ചേര്‍ത്തു പുതിയ ഒരു വാക്കോ കണ്ടെത്തി പ്രയോഗിയ്ക്കുന്നതിനുള്ള അവസരം ഉണ്ടാകുകയും അതുവഴി കവിതയെ കരുത്തുറ്റതാക്കി അവതരിപ്പിയ്ക്കുന്നതിനും കഴുയുന്നു.(തുടരും)

Saturday, April 6, 2013

കവിതയിലെ കാലബോധങ്ങള്‍ (1)


പുതിയതായി കവിതയെഴുതുന്നവര്‍ വാക്കുകളുടെ പ്രയോഗത്തെക്കുറിച്ച് യാതൊരു അവബോധവുമില്ലാതെയാണ് ഇ-യിടങ്ങളില്‍ കവിതകള്‍ എഴുതുന്നത്. കവിത ഒരു ഗൌരവപൂര്ണ്ണ മായ സര്ഗ്ഗസൃഷ്ടിയാണ്. അതിനെ ലാഘവബുദ്ധിയോടു കൂടി സമീപിയ്ക്കുന്നവര്‍ സാഹിത്യത്തോട് അഥവാ കവിതയോട് കടുത്ത അപരാധമാണ് ചെയ്തു കൊണ്ടിരിയ്ക്കുന്നത്. കവിതയില്‍ പ്രയോഗിയ്ക്കുന്ന വാക്കുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്ന് വേണം ഇതില്‍ നിന്നും മനസിലാക്കേണ്ടത്

കാലവു൦ വാക്കുകളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് . ഉദാഹരണത്തിന് രാത്രിയെ പ്രതിപാദിയ്ക്കുംപോള്‍ അവിടെ ബലിക്കാക്കയെയും ബലിപിന്ധവും ഉപയോഗിയ്ക്കുന്നത് ശരിയല്ല. അതുപോലെ പകലിനെ പ്രതിപാദിയ്ക്കുംപോള്‍ രാത്രിയെ കുറിയ്ക്കുന്ന യാതൊര അടയാളങ്ങളും ഉപയോഗിയ്ക്കാന്‍ പാടില്ല. പക്ഷെ പലരും അത് ശ്രദ്ധിയ്ക്കാറില്ല. വാക്കുകള്‍ വാരിവലിച്ചു നിരത്തി കവിതയെന്ന പേരില്‍ കീബോഡി ന്റെ ചൂടാറും മുമ്പേ പോസ്റ്റു ചെയ്യുന്നു തല്ഫലമായി കവിതയുടെ ഫലവത്തായ എഡിറ്റിംഗ് നടക്കുന്നില്ല. എഴുത്തുകാരന്‍ തന്നെയാവണം ആദ്യ വായനക്കാരനും. വെറുതെ വായിച്ചാല്‍ മാത്രം പോര എഴുതിയതിനെ യുക്തി ചിന്തയുടെ അടിസ്ഥാനത്തില്‍ അവലോകനം നടത്തുകയും വേണം. (തുടരും)