Sunday, February 23, 2014

ആള്‍ ദൈവങ്ങളില്‍ അഭയം തേടുന്നവര്‍

1.      ആള്‍ ദൈവങ്ങളില്‍ അഭയം തേടുന്നവര്‍



     വര്‍ത്തമാനകാലത്തില്‍ പല ആള്‍ദൈവങ്ങളെപ്പറ്റിയും പലവിധത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. അവയില്‍ ഏറ്റവും ഒടുവിലത്തേത് വള്ളിക്കാവില്‍ സുധാമണിയെന്ന ലോകയമ്മയുടെ വത്സല ശിഷ്യയായിരുന്ന  ഗായത്രി (ഗൈല്‍ ട്രേഡ്വെല്‍ ) എഴുതിയ വിശുദ്ധ നരകം (ഹോളി ഹെല്‍) എന്ന പുസ്തകത്തില്‍ ആശ്രമത്തിനെതിരെ ഉള്ള ഗുരുതരമായ ആരോപണങ്ങളാണ്. അതെന്തു തന്നെയായാലും ഇവിടെ നമ്മുടെ ചിന്താവിഷയം വേറെയാണ്. എന്തുകൊണ്ടാണ് ഇത്തരം ആള്‍ ദൈവങ്ങളുടെ അരുകിലേയ്ക്ക് ഇത്രയധികം ഭക്തര്‍ ഒഴുകിയെത്തുന്നത്? ഇവരുടെ ഭക്തരില്‍ ഏറ്റവുമധികം കാണപ്പെടുന്നത് ഇടത്തരക്കാരാണ്. പിന്നെ ഒരു നല്ല ശതമാനം സമ്പന്നരും ഉണ്ട്. ഇതില്‍ സമ്പന്നര്‍ക്ക് ഇവിടെയും ചോരതന്നെ കൊതുകിന്നു കൌതകമെന്ന ന്യായം പോലെ ഒറ്റ ലക്‌ഷ്യം മാത്രമേയുള്ളൂ. അവരുടെ വ്യവസായം പുഷ്ടിപ്പെടുത്തണം. എന്നാല്‍ ഇടത്തരക്കാര്‍ അങ്ങനെയല്ല അവര്‍ മാനസികമായ പിരിമുറുക്കം അനുഭവിയ്ക്കുന്നവരാണ്. അതില്‍നിന്നും ഒരു മോചനം മാത്രമാണ് അവരുടെ ലക്‌ഷ്യം. അതിനു അന്ധവിശ്വാസമെന്നോ ആത്മീയ തട്ടിപ്പെന്നോ നോക്കാതെ വെളിച്ചത്തിലെയ്ക്ക് പറന്നെത്തുന്ന മഴപ്പാറ്റകളെ പ്പോലെ ചതിയ്ക്കപ്പെടുമെന്ന വീണ്ടുവിചാരം പോലുമില്ലാതെ എത്തിപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ അവിടെ എത്തുമ്പോഴാണ് തങ്ങള്‍ കണ്ടത് വെളിച്ചമല്ലായെന്നും കൂരിരുട്ടിന്റെ ഐന്ദ്രജാലികവളയമാണെന്നും തിരിച്ചറിയുന്നത്‌. താല്‍ക്കാലികമായ ചില ആശ്വാസങ്ങള്‍ തോന്നുമെങ്കിലും അതൊരു ചതിക്കെണിയാണെന്നു വൈകിയാണെങ്കിലും തിരിച്ചറിവില്‍ എത്തുമ്പോഴേയ്ക്കും   അവര്‍ പലതരത്തില്‍ ചൂഷണം ചെയ്യപ്പെടുകയും പിന്നീടൊരിയ്ക്കലും മോചനം സാദ്ധ്യമല്ലാത്തവിധം ആ തട്ടിപ്പ് സംഘത്തില്‍ അകപ്പെടുകയും ചെയ്യുന്നു.
       എന്താണ് ഇങ്ങനെയൊരു ദുരവസ്ഥ സംജാതമാകാനുള്ള അടിസ്ഥാന കാരണം എന്ന പരിശോധനയുടെ അനിവാര്യതയിലെയ്ക്കാണ് മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ കൊണ്ടെത്തിയ്ക്കുന്നത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളിലാണ് ആത്മീയ വ്യവസായം ഇത്രയും തഴച്ചു വളര്‍ന്നത്‌ എന്ന് നമ്മുടെ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക ചരിത്രങ്ങള്‍ പരിശോധിയ്ക്കുന്നവര്‍ക്ക് അനായാസേന മനസിലാകും. സാമൂഹിക പ്രതിബദ്ധതയില്ലാത്ത ചില രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ സ്വജനപക്ഷപാതവും അഴിമതിയും അതിലൂടെ ആര്‍ജ്ജിയ്ക്കുന്ന കണക്കില്ലാത്ത ധനസമ്പാദനവും മനുഷ്യത്വരഹിതമായ ഭരണനിലപാടുകളും നാട്ടില്‍ അടിയ്ക്കടി ഉണ്ടാകുന്ന അരക്ഷിതാവസ്ഥയും പണപ്പെരുപ്പം മൂലവും അല്ലാതെയുമുണ്ടാകുന്ന പ്രതസന്ധികള്‍ എല്ലാം ജനജീവിതം ദുസഹമാക്കുകയും ഭാവിജീവിതം ത്രിശങ്കു സ്വര്ഗ്ഗത്തിലെന്നപോലെ അനിശ്ചിതത്തിലെയ്ക്കു കൂപ്പുകുത്തുകയും ചെയ്തു. ആ അവസരം മുതലെടുത്ത്‌ ഇവിടുത്തെ വര്‍ഗ്ഗീയശക്തികള്‍ ഇതെല്ലാം ദൈവീകമായ കോപം കൊണ്ട് ഉണ്ടാകുന്നതാണെന്നും അവയെ പ്രതിരോധിയ്ക്കാന്‍ ആത്മീയതയാണ് ഇനി കരണീയം എന്ന കുപ്രചരണം നടത്തുകയും അവര്‍ അതില്‍ വിജയിയ്ക്കുകയും ചെയ്തപ്പോഴാണ് ആള്‍ ദൈവങ്ങള്‍ക്ക് മുന്നിലേയ്ക്ക് ആളുകള്‍ ഒഴുകിയെത്താനുള്ള പ്രവണതയ്ക്ക് ആക്കം കൂടിയത്‌.

       എന്നാല്‍ ഈ ഒഴുക്കു തടയുന്നതില്‍ നമ്മുടെ മുഖ്യധാരാഇടതുപക്ഷ-പുരോഗമന പ്രസ്ഥാനങ്ങള്‍ കുറ്റകരമായ മൌനം പാലിച്ചു എന്ന യാഥാര്‍ത്ഥ്യം വിസ്മരിയ്ക്കാവുന്നതല്ല. മുന്‍കാലങ്ങളില്‍ ഈ കാര്യങ്ങളില്‍ അവര്‍ മുന്‍കയ്യെടുത്ത് നടത്തിയിട്ടുള്ള സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളാണ് ഇങ്ങനെയൊരു കുറ്റപ്പെടുത്തലിനു ആധാരമായത്‌ എന്നകാര്യം അവര്‍ക്ക് ബോദ്ധ്യപ്പെടും എന്ന് തന്നെയാണ് വിശ്വസിയ്ക്കുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ട അവസ്ഥയിലാണ്. എത്രയും വേഗത്തില്‍ ഇതിനൊരു പരിഹാരം കണ്ടെത്താന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിയ്ക്കാനുള്ള ആര്ജ്ജവമുള്ളത് ഇടതുപക്ഷ- പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌ മാത്രമാണ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ അവര്‍ ആരംഭിയ്ക്കുമെന്ന് നമുക്ക് പ്രത്യാശിയ്ക്കാം.  

No comments: