Sunday, August 14, 2011

ഭീമസേനന്‍ വര്‍ത്തമാനം പറയുന്നു

ഭീമസേനന്‍ വര്‍ത്തമാനം പറയുന്നു

ഭീമസേനന്‍ വര്‍ത്തമാനത്തിലും നമ്മുടെയിടയില്‍  ജീവിക്കുന്നു....ഹെ...എന്താ മാഷേ....ഇങ്ങനൊക്കെപ്പറഞ്ഞാല്‍....???  ചോദ്യം സ്വാഭാവികം. നോക്കൂ.. വ്യാസ്സന്റെ  മഹാഭാരതത്തിലെ  ഏറ്റവും മഹത്തായ കഥാപാത്രമാണല്ലോ ഭീമന്‍. ഈ രണ്ടാമൂഴക്കാരന്‍ കായബലമുള്ളവനാണെങ്കിലും പാഞ്ചാലിയുടെ മുന്നില്‍  കേവലം ഭീരുവായാണോ വ്യാസ്സന്‍ പാത്രവല്‍ക്കരിച്ചത്? സംശയം തോന്നുക ന്യായമാണ്. ചൂതില്‍ പണയവസ്തുവായി നില്‍ക്കുമ്പോള്‍  വീരശൂരപരാക്രമങ്ങള്‍കാണിക്കുന്നുണ്ടെങ്കിലും പിന്നീട് വനവാസ്സക്കാലത്തും  അജ്ഞാതവാസ്സക്കാലത്തും അത്രയേറെ ഓജസ്സുള്ളതായിക്കാണുന്നില്ല . മഹാഭാരതത്തിലെ ഈ കഥാപാത്രത്തെ സൃഷ്ടിക്കുന്നതിലൂടെ അദ്ദേഹമെന്താണ് നമ്മോടു പറയുന്നത്? ഇതില്‍ ഒരു സ്വത്വബോധത്തിന്റെ   സൂചന  മറഞ്ഞിരിക്കുന്നില്ലേ ഉണ്ട് എന്നാണു എന്റെ പക്ഷം.
            മഹാഭാരതത്തിലെ കല്യാണസൌഗന്ധികത്തിന്റെ കഥാഭാഗം പരിശോധിക്കുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാകും. വനവാസ്സക്കാലത്തു കുബേരന്റെ ഉദ്യാനത്തിലുള്ള സൌഗന്ധികപ്പൂവിനെക്കുറിച്ചറിയുന്ന ദ്രൌപതി,അക്കാര്യം  തന്റെ രണ്ടാമത്തെ ഭര്‍ത്താവായ ഭീമസേനനോട് കൊഞ്ചിപ്പറയുന്നു;തനിക്കു  പൂ ചൂടാന്‍ അതിയായ മോഹമുണ്ടെന്നും അതു എങ്ങനെയും സംഘടിപ്പിച്ചു തരണമെന്നും. ഇതുകേട്ട ഭീമസേനന്‍ ആദ്യം അത് ദുഷ്ക്കരമാണെന്നും അവിടേക്ക്  പോകുവാനും  പോയാല്‍ത്തന്നെ കുബേരന്റെ ഉദ്യാനത്തില്‍ കയറാന്‍ കഴിയില്ലെന്നും പറയുന്നു. ഇത് കേട്ട പാഞ്ചാലി ഭീമസേനനെ കണക്കറ്റു കളിയാക്കുകയും  പൌരുഷമില്ലാത്തവനെന്നു വിളിച്ചാക്ഷേപിക്കുകയും ചെയ്യുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് തന്റെ പൌരുഷം നഷ്ടപ്പെട്ടിട്ടില്ലെന്ന് പാഞ്ചാലിയെ ധരിപ്പിക്കുവാന്‍ വേണ്ടി സൌഗന്ധികത്തിനായി ഭീമന്‍ ഇറങ്ങിത്തിരിക്കുന്നത്‌. 
         ഇവിടെയാണ്‌ പാത്രസൃഷ്ടിയില്‍ വ്യാസ്സന്റെ ധൈഷണികത വെളിവാകുന്നത്. ഭാര്യയുടെ  താളത്തിനൊത്ത് തുള്ളുന്ന ഒരു പെണ്‍കോന്തനെയാണ് നാമിവിടെ കാണുന്നത്.  ഭാര്യയുടെ അഭീഷ്ടം സാധിച്ചു കൊടുത്തില്ലെങ്കില്‍ തന്റെ പൌരുഷം ചോദ്യം ചെയ്യപ്പെടുമെന്നും എങ്ങിനെയും അത് സാധിച്ചു  കൊടുത്തെങ്കില്‍ മാത്രമേ തനിക്ക് നിലനില്‍പ്പുള്ളെന്നും  മനസ്സിലാക്കിയ ഭീമന്‍ ഒരു കടുത്ത വെല്ലുവിളിയായി ഇതേറ്റെടുക്കുന്നു.പോകുന്ന വഴിയിലുണ്ടാകുന്ന തടസ്സങ്ങള്‍ എല്ലാം കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ ഈയൊരു സ്വത്വബോധത്തിന്റെ പൊരുള്‍ നാം തിരിച്ചറിയുന്നു.ഇത് വ്യാസന്റെ ജീവിത കാലഘട്ടത്തിന്റെ കൂടി പ്രതിഫലനമാകാം.യഥാര്‍ത്ഥത്തില്‍ ഇവിടെ ഭീമാസേനന്റെയുള്ളില്‍ ദ്വിമാനസ്വഭാവമുള്ള സ്വത്വബോധങ്ങള്‍ തമ്മില്‍ ഒരു സംഘട്ടനമാണ് നടക്കുന്നത്. അതിലാകട്ടെ വിജയം വരിക്കുന്നത് മുകളില്‍ പറഞ്ഞ പൌരുഷമെന്ന സ്വത്വബോധമാണ് താനും. 
          ഇതൊന്നു വര്‍ത്തമാനത്തിലേയ്ക്ക്  പറിച്ചുനട്ടാല്‍ ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ ഇത് തന്നെയല്ലേ നടക്കുന്നത്. പുതിയ ഫാഷനിലുള്ള ഒരു ആഭരണം കാണുമ്പോള്‍അല്ലെങ്കില്‍ അയലത്തെ വീട്ടിലെ പുതിയ കാര്‍ കാണുമ്പോള്‍ മുതല്‍ ഭാര്യ ഭര്‍ത്താവിനെ ശല്യപ്പെടുത്താന്‍ തുടങ്ങും.ആദ്യം ചെറിയ തരത്തിലുള്ള സൌന്ദര്യപ്പിണക്കങ്ങളാകുമുണ്ടാവുകപിന്നെപ്പിനെ അത് വളര്‍ന്നു വലുതാകുന്നു. തീരെ സഹികെടുമ്പോള്‍ ജീവിതത്തിന്റെ  രണ്ടറ്റവും  കൂട്ടിമുട്ടിക്കാന്‍ തന്നെ പെടാപ്പാടുപെടുന്ന ഭര്‍ത്താവ് കിടപ്പാടം പണയപ്പെടുത്തി ഭാര്യ പറയുന്ന കാര്യം സാധിച്ചുകൊടുക്കുകയും ഒടുവില്‍  കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ കിടപ്പാടം പലിശക്കാരന്‍ കൊണ്ടുപോകുന്ന സ്ഥിതി  സംജാതമാകുകയും  ചെയ്യുന്നു. ഇവിടെയും  നടക്കുന്നത് സ്വത്വബോധത്തിന്റെ സംഘട്ടനം തന്നെയാണ്.ഭാര്യ പറയുന്നത് എന്തുതന്നെയായാലും നിറവേറ്റിക്കൊടുത്തില്ലെങ്കില്‍ തന്റെ പൌരുഷം ചോദ്യം ചെയ്യപ്പെടുമെന്ന മിഥ്യാ ബോധം പുരുഷനെ അടക്കി ഭരിക്കുന്നു. അതില്‍നിന്നും ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ പിന്നീട് കുടുംബത്തിന്റെ തകര്‍ച്ചയിലേയ്ക്ക് വഴിവയ്ക്കുകയും അതവസ്സാനം കൂട്ടആത്മഹത്യയിലേയ്ക്ക് നയിയ്ക്കുകയും ചെയ്യുന്നു.
        ഇങ്ങനെ ചരിത്രാതീത കാലം മുതല്‍ ഇന്നോളമുള്ള എല്ലാ കൃതികളുടെയും ജീവിതത്തിന്റെയും സാമൂഹികവും സാംസ്ക്കാരികവുമായ പശ്ചാത്തലമെടുത്തു പരിശോധിച്ചാല്‍ എല്ലാകാലഘട്ടത്തിലും ഭീമസേനന്മാര്‍ അവതാരമെടുക്കുന്നത് കാണാന്‍ കഴിയും.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിയ്ക്കുന്നതെന്ന പരിശോധനയുടെ ആവശ്യകതയിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആ പരിശോധന ചെന്നെത്തിനില്‍ക്കുന്നത് മനുഷ്യന്റെ അമിതമായ ആഡംബരത്തിന്റെയും പണത്തോടുള്ള അത്യാര്‍ത്തിയുടെയും മുന്നിലാണ് താനും.

2 comments:

Deveswar said...

നന്നായി

Deveswar said...

നന്നായി