Thursday, September 22, 2011

വായനയുടെ വര്‍ത്തമാനം

വായനയുടെ വര്‍ത്തമാനം  
 
  മറക്കാന്‍ കഴിയാത്ത  ഓര്‍മ്മകള്‍ ഒരു ബാധ്യതയാണ്. ചില പുസ്തകങ്ങളും  അത് പോലെതന്നെ. ഒരാവര്‍ത്തിയെ  വായിച്ചുള്ളൂവെങ്കിലുംഅത് നമ്മുടെ  മനസ്സിലുണ്ടാക്കുന്ന ചലനത്തിന്റെ അലയടങ്ങില്ല വേഗത്തില്‍.കുട്ടിക്കാലത്തൊരിയ്ക്കല്‍ മാത്രം വായിച്ച കുഞ്ഞിക്കൂനന്‍ എന്ന നോവല്‍ 
ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.
എന്തുകൊണ്ടാണിത്  സംഭവിയ്ക്കുന്നത്? സാഹിത്യത്തിനു ഇങ്ങനെയൊരു  ശക്തിയുണ്ട്.  അത് കുട്ടികളുടെ നോവലാണെങ്കിലും അതിന്നുള്ളില്‍  അന്തര്‍ലീനമായിരിയ്ക്കുന്ന സന്ദേശം  മഹത്തായതുകൊണ്ടാണ് . അങ്ങനെയുള്ള  കൃതികള്‍ ഇന്നുണ്ടാകുന്നില്ല. അത് മാത്രവുമല്ല ഇന്ന് സ്കൂളുകളില്‍  സജീവമായ  വായനാശീലം  വളര്‍ത്തിയെടുക്കുന്നതില്‍  പല അദ്ധ്യാപകരും ശുഷ്ക്കാന്തി കാണിയ്ക്കുന്നില്ല. അത് നമ്മുടെ കുട്ടികളില്‍ മാതൃഭാഷയോടുള്ള മമത കുറയ്ക്കുന്നതിന്  കാരണമായിട്ടുണ്ട്. അതുപോലെ തന്നെ നാട്ടിന്‍പുറങ്ങളില്‍ പണ്ട് സജീവമായിരുന്ന ഗ്രന്ഥശാലകള്‍ പലതും ഇന്ന് നിര്‍ജ്ജീവമാണ്.  ഉള്ളവയില്‍ തന്നെ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല.സര്‍ക്കാര്‍ ഗ്രാന്റു വാങ്ങിയെടുക്കുന്നതിനു വേണ്ടിയുള്ള കടലാസ്സു പണികള്‍ മാത്രമേ അവിടെ നടക്കുന്നുള്ളൂ. ഇതും നമ്മുടെ മാതൃഭാഷയോടുള്ള സ്നേഹം കുറയാന്‍ ഒരു കാരണമായി .
      വായന മാനസ്സികസംസ്കരണോപാധിയാണ്. അതുകൊണ്ടാണ് "പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോള്ളൂ. പുത്തനൊരായുധമാണ്   നിനക്കതു"  എന്ന് ബ്രെഹ്ത് പറഞ്ഞത്.യുവതലമുറ കൂടുതലും വഴിതെറ്റിപ്പോകുവാനുണ്ടായ കാരണങ്ങളിലൊന്ന് വായനയുടെ  അപര്യാപ്തതയാണ്.  ഭാവനയുടെ  ലോകത്ത്  സഞ്ചരിയ്ക്കുവാനുള്ള  അവരുടെ അവസ്സരമാണ് ഇതിലൂടെ നഷ്ടമായത്. തന്മൂലം അവരില്‍ മുതിര്‍ന്നവരോടും സഹജീവികളോടുമുള്ള   സമീപനത്തില്‍ വളരെയേറെ മൂല്യശോഷണമുണ്ടായി. ഈ സ്ഥിതി മാറ്റിയെടുക്കണമെങ്കില്‍ സ്കൂള്‍ തലത്തില്‍ നിന്ന് നാം വീണ്ടും തുടങ്ങണം.അതുപോലെ നമ്മുടെ  കരിക്കുലസമ്പ്രദായത്തില്‍  കാതലായ മാറ്റം വരുത്തണം.അതോടൊപ്പം അദ്ധ്യാപകസമൂഹത്തിന്റെ സമഗ്ര സംഭാവനയും  അത്യന്താപേക്ഷിതമാണ്. അതിനുള്ള ഒരു തയ്യാറെടുപ്പ് നടത്തേണ്ടതിന്റെ കാലം അതിക്രമിച്ചിരിയ്ക്കുകയാണ്  താനും.

6 comments:

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

തീര്‍ച്ചയായും നല്ല കാഴ്ചപ്പാടുകള്‍ ...........

നാമൂസ് said...

നമ്മുടെ പല ശീലങ്ങള്‍ക്കും ഒപ്പം വായനാ ശീലവും
ഇല്ലാതായികൊണ്ടിരിക്കുന്നു എന്നത് ഒരിക്കലും ആശാസ്യമല്ല. വീടുകളിലും ലൈബ്രറികളിലും പുസ്തകക്കെട്ടുകള്‍ ചിതലെടുത്ത് നശിച്ചു കൊണ്ടിരിക്കുന്നു. വായനയിലൂടെ ലഭിക്കേണ്ടിയിരുന്ന വൈജ്ഞാനിക മുത്തുകള്‍
പുതിയ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നു..

അറിഞ്ഞതിനും അപ്പുറത്തുള്ള അറിവിന്റെ മഹാസാഗരത്തിലൂടെ ഇനിയും ആരും എത്തിപ്പെട്ടിട്ടില്ലാത്ത പ്രപഞ്ച സത്യങ്ങളുടെയും ശാസ്ത്ര കൌതുകങ്ങളുടെയും പുതിയ വന്‍കരകള്‍ തേടിയുള്ള മനുഷ്യന്റെ പ്രയാണത്തിനുള്ള നൌക, അത് വായന ഒന്ന് മാത്രമാണ്.

ആശംസകള്‍..!!

Unknown said...

എന്താണ് ചെയ്ണ്ടത് ആരെങ്കിലും ഗഹനമായി പഠിച്ചു പറഞ്ഞിട്ടുണ്ടോ ?

സ്വന്തം സുഹൃത്ത് said...

നല്ല നിരീക്ഷണം.. !

ഒരു കുഞ്ഞുമയിൽപീലി said...

ചിന്തിക്കേണ്ട വിഷയം

സിയാഫ് അബ്ദുള്‍ഖാദര്‍ said...

വായന മരിക്കുന്നു എന്നാ പരാതിയില്‍ കഴമ്പില്ല എന്നാണ് എന്റെ അഭിപ്രായം .നല്ല എഴുത്തുകള്‍ നില നില്‍ക്കും ,രാമായണവും മഹാഭാരതവും പോലെ ,വിശ്വ സാഹിത്യത്തിലെ ക്ലാസ്സിക്കുകള്‍ പോലെ പുസ്തകം വായിക്കപ്പെടുക തന്നെ ചെയ്യും ,വായന വളരുല്ക തന്നെയാണ്