Sunday, August 14, 2011

കിട്ടാക്കനികള്‍

കിട്ടാക്കനികള്‍ 

         വാക്കുകള്‍ നമ്മുടെ നേരെ തിരിയുന്ന കാലമാണ്. വര്‍ത്തമാനകാലത്തില്‍ നമ്മള്‍ പറയുന്ന ഓരോ വാക്കുകളും ബൂമറാങ്ങ് പോലെ ആക്രമിക്കാന്‍  തിരിച്ചെത്തുമെന്ന് പറയുമ്പോള്‍ അല്പം അതിശയോക്തി ഇല്ലാതെയില്ല. നട്ടുനനച്ചു വളര്‍ത്തിയ ചെടി പക്വമാവുമ്പോള്‍ വിളവെടുക്കാനെത്തുന്നത് വിതച്ചയാള്‍ ആകുമ്പോള്‍ അതിലെ ഔചിത്യമില്ലായ്മ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേഇന്ന് ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് സൌമാനസ്സ്യത്തോടെ കേള്‍ക്കുവാനോ കേട്ടതിനു മറുപടി പറയുന്നതിനോ തയ്യാറാകാത്ത ഒരു തലമുറ വളര്‍ന്നു വരുന്നു.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌? പണ്ട് മിക്കവാറും എല്ലാ വീട്ടിലും ഒരു മുത്തശ്ശിയുണ്ടാവും. വീട്ടിലെ കുട്ടികള്‍ എല്ലായിപ്പോഴും അവരുടെ പിന്നാലെയുണ്ടാകും. ഉദയം മുതല്‍ ഉറക്കം വരെ പഴംപാട്ടുകളും കഥകളും കേട്ട്അവരുടെ ജീവിതാനുഭവങ്ങളുടെ പൊട്ടും പൊടിയും നുണഞ്ഞു നുണഞ്ഞങ്ങനെ കുട്ടികള്‍ക്ക് കിട്ടുന്ന ശ്രദ്ധയും സ്നേഹവും ഇന്നില്ല. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണ്കുടുംബങ്ങളിലേയ്ക്കുള്ള മാറ്റത്തില്‍ നമുക്ക് നഷ്ടമായതും അതാണ്‌.ഇവടെ വളരെ പ്രസക്തമായൊരുകാര്യം ഇങ്ങനെയൊരുമാറ്റം വന്നപ്പോള്‍  ജീവിത പ്രശ്നങ്ങള്‍ നേരിടാന്‍ കഴിയാതെ ഇന്നത്തെ തലമുറ ലഹരിയിലോ ആത്മഹത്യയിലോ അഭയം കണ്ടെത്തുകയും മനുഷ്യത്വമെന്നത് ഒരു ഗവേഷണ വിഷയമായി സര്‍വ്വകലാശാലകളുടെ ഗ്രന്ഥപ്പുരകളില്‍ അടുക്കി വയ്ക്കപ്പെട്ട പ്രബന്ധമായി ത്തീരുകയും ചെയ്തു.
          സ്വന്തം വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ അയലത്തെ വീട്ടില്‍ എന്താണ് നടക്കുന്നതെന്ന് വീക്ഷിച്ചു അതിനേക്കാള്‍ കൂടുതല്‍   ആഡംബരത്തിനു   വേണ്ടി ഭര്‍ത്താവിനെ നിര്‍ബന്ധിക്കുകയും അത് നടക്കാതെ വരുമ്പോഴുണ്ടാകുന്ന നിരാശയില്‍ നിന്നും പ്രശ്നങ്ങള്‍ ഉടലെടുക്കുകയും കാലക്രമേണ  ഇങ്ങനെയുണ്ടാകുന്ന  പ്രശ്നങ്ങള്‍ വളര്‍ന്നു പന്തലിക്കുകയും ഒടുവില്‍ കുട്ടികളെ അനാഥത്വത്തിലേയ്ക്ക് വലിച്ചെറിഞ്ഞു ഭാര്യാഭര്‍ത്താക്കന്മാര്‍ ‍ഇരുവഴി  പിരിയുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ വളരുന്ന കുട്ടികള്‍ കൂടുതല്‍ അന്ത:സംഘര്‍ഷങ്ങളില്‍ പെടുകയും അത്  അവരുടെയുള്ളില്‍  സമൂഹത്തോടുള്ള  വെറുപ്പും വിദ്ദ്വേഷവും വളര്‍ത്തുകയും തന്മൂലം സമൂഹത്തിനും രാജ്യത്തിന്‌ തന്നെയും തലവേദനയുണ്ടാക്കത്തക്ക  തരത്തിലുള്ള സാമൂഹ്യവിരുദ്ധരോ തീവ്രവാദികളോ ആയി പരിണമിക്കുന്നു.ഇത്തരത്തില്‍ പരിണാമ വിധേയമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണം വര്‍ത്തമാന കാലത്ത് നടക്കുന്ന സംഭവങ്ങള്‍  വിലയിരുത്താന്‍.മാതാപിതാക്കള്‍ പെണ്മക്കളെ അന്യര്‍ക്ക് കാഴ്ചവെയ്ക്കുന്നു,അച്ഛന്‍ മകളെ വിറ്റു ജീവിക്കുന്നു,പോരെങ്കില്‍ അച്ഛന്‍ മകളില്‍  കാമപൂര്‍ത്തി കണ്ടെത്തുന്നു. ഇതൊക്കെ രോഗാതുരമായിക്കൊണ്ടിരിക്കുന്ന ഒരു തലമുറയുടെ ദൃഷ്ടാന്തങ്ങളാണ്.
  ഈ രോഗത്തിനുള്ള ചികിത്സ എവിടെ നിന്നാണ് നാം ആരംഭിക്കേണ്ടത്? വിദ്യാലങ്ങളില്‍ ചെറിയ ക്ലാസ്സുകളില്‍ പടിക്കന്ന കുട്ടികള്‍ പോലും ലഹരി വസ്തുക്കളുടെ ഉപയോക്താക്കളാണ്.അപ്പോള്‍ നാം നമ്മുടെ വീടുകളില്‍ നിന്നും ഇതിനുള്ള ചികിത്സ തുടങ്ങണം.അല്ലായെങ്കില്‍ മനുഷ്യബന്ധങ്ങളുടെ ആഴവും പരപ്പും തിരിച്ചറിയാനാകാത്ത യുവതലമുറ അമ്മയെന്നോ സഹോദരിയെന്നോ നോക്കാതെ എതിര്‍ ലിംഗമെന്നനിലയില്‍ ലൈംഗികചോദനകള്‍ തീര്‍ക്കാനുള്ള ഉപകരണമായി സ്വന്തം വീട്ടിലുള്ളവരെത്തന്നെ ഉപയോഗിക്കപ്പെടും. ഈ ഉപഭോഗസംസ്ക്കാര കാലഘട്ടത്തില്‍ എല്ലാറ്റിനെയും   ചരക്കുവല്‍ക്കരിക്കുകയും പണമെന്ന മാനദന്ധത്താല്‍ അളക്കപ്പെടുകയും അവിടെ അന്യന്റെ വാക്കുകള്‍ ആത്മസംഗീതം പോലെ ആസ്വദിക്കപ്പെടുകയെന്നത് ഒരു കിട്ടാക്കനിയായിത്തീരുകയും ചെയ്യുന്നു.     

No comments: