Thursday, October 20, 2011

മറക്കാതിരിയ്ക്കുക തങ്കമണി
 
 
 
 
1986 ലെ  ഒരു രാത്രിയില്‍ ഇടുക്കി ജില്ലയിലെ തങ്കമണി ഗ്രാമത്തില്‍ പോലീസ്സുകാര്‍ നടത്തിയ കൂട്ട ബലാല്‍സംഗം . പോലീസ്സിനെ കയറൂരി വിട്ടു എതിരാളികെളെ തകര്‍ക്കുന്ന ക്രൂരത .അത് നടന്നത് കൊണ്ഗ്രസ്സിലെ ലീഡര്‍ എന്നറിയപ്പെടുന്ന കെ. കരുണാകരന്റെ ഭരണകാലത്തായിരുന്നു.ഇപ്പോള്‍ അദ്ദേഹത്തിന്‍റെ അനുയായി കുഞ്ഞൂഞ്ഞിന്റെ ഭരണകാലമാണ്.തുടക്കത്തിലേതന്നെ മുന്‍ഗാമിയുടെ വഴിയിലൂടെയാണ് കുഞ്ഞൂഞ്ഞും പോകുന്നത്. പോലീസ്സിനെ കൊണ്ട് ജനങ്ങളെ ഉപദ്രവിയ്ക്കകയാണ് .ജനാധിപത്യത്തിന്റെ പേരില്‍ ഒഴുക്കുന്ന മുതലക്കണ്ണീര്‍ ജനം തിരിച്ചറിയും.തങ്ങള്‍ക്കു  നേരെ ഉയര്‍ന്നു വരുന്ന ചോദ്യങ്ങളെ ആര്‍ജ്ജവത്തോടെ നേരിടേണ്ടതിനു  പകരം ചോരയില്‍ മുക്കി ക്കൊല്ലനാണ് ശ്രമിയ്ക്കുന്നത്.നിര്‍മല്‍ മാധവനെ വഴിവിട്ടു
സഹായിയ്ക്കുന്നു, എ സി പി രാധാകൃഷ്ണപിള്ളയെ രക്ഷിയ്ക്കുന്നു അങ്ങനെയെന്തെല്ലാം കാര്യങ്ങള്‍.അഴിമതി പ്രത്യക്ഷമായിത്തന്നെ  അലങ്കാരമായണിഞ്ഞു  കൊണ്ട് ഭരണം നടത്തുമ്പോള്‍ തങ്കമണി ഓര്‍മ്മയില്‍ വന്നാല്‍ തെറ്റ് പറയാന്‍ പറ്റില്ല .പോലീസുകാരെ ചട്ടുകമാക്കി നടത്തുന്ന അതിരാത്രങ്ങള്‍ ഒടുവില്‍ കുലം കത്തിച്ചു ചാമ്പലാക്കുന്നതിലെ  അവസാനിയ്ക്കുകയുള്ളൂ. ചാവടുക്കുംപോള്‍ ചിലര്‍ക്ക് ചില കുബുദ്ധികള്‍  തോന്നുമെന്ന് പറയാറുണ്ട്‌. അതുകൊണ്ട് നമ്മുടെ സഹോദരിമാരുടെ രക്ഷയ്ക്കായി കണ്ണുനട്ടു കാത്തിരിക്കുക.ഇല്ലെങ്കില്‍ തങ്കമണി ആവര്‍ത്തിയ്ക്കും.

Wednesday, September 28, 2011

എഴുത്തിന്റെ പുണ്യം വന്ന വഴി

എഴുത്തിന്റെ പുണ്യം വന്ന വഴി
      
         വയലരുകിലെ ഓലപ്പുരയുടെ കോലായില്‍ തെളിഞ്ഞു കത്തുന്ന നിലവിളക്കിന്‍ മുന്നിലെ പനയോലതടുക്കിലിരുന്നു എകാഗ്രചിത്തനായി ഭാഗവതപാരായണം ചെയ്യുന്ന അപ്പന്‍ (അച്ഛന്‍)) ))....,), അദ്ദേഹത്തിന്‍റെ സ്വരത്തിന്  ആദ്രമായ ഒരു വശ്യതയുണ്ടായിരുന്നു. രാവിന്റെ നിശബ്ദതയെ ഭേദിയ്ക്കുന്ന ആ അമൃതധാരയായിരിയ്ക്കണം ആദ്യമായി മനസ്സിലിറ്റു വീണ കാവ്യബിന്ദു .അദ്ദേഹം ജോലികഴിഞ്ഞെത്തുന്ന വൈകുന്നേരങ്ങളില്‍ തുഞ്ചനേയും  കുഞ്ചനേയും പരിചയപ്പെടുത്തി  തരാനെന്നപോലെ രാമായണകഥകളും  തുള്ളല്‍കഥകളും യഥേഷ്ടം പറഞ്ഞു തരാറുള്ളതു കൊണ്ടായിരിയ്ക്കാം ബാല്യത്തിന്റെ നാട്ടിടവഴികളില്‍ വച്ചുതന്നെ രാമരാവണന്മാരും പാണ്ഡവകൌരവന്മാരും സഹായാത്രികരായത്.
     
     അതുപോലെ തന്നെ മറ്റൊരു വഴികൂടി എന്നിലേയ്ക്ക് വന്നു ചേര്‍ന്നിട്ടുള്ളത്  മുത്തശ്ശിയായിരുന്നു. ഉറക്കത്തിന്റെ മുന്നൊരുക്കങ്ങളില്‍ എന്റെ ചേതനയിലേയ്ക്കു കിനിഞ്ഞിറങ്ങിയ നാട്ടുഭാഷയുടെ കൈപ്പുണ്യമായിരുന്നു മുത്തശ്ശി. വിദ്യാഭ്യാസ്സമില്ലതിരുന്നിട്ടും വായ്മൊഴിയായി പകര്‍ന്നുകിട്ടിയ ആ മുത്തിമൊഴികള്‍ മൊഴിമുത്തുകളായി പകര്‍ന്നാട്ടം നടത്തിയ ഭീമനും കൃഷ്ണകുചേലന്മാരും  ഏതു ചിന്തകളിലും തൊട്ടരുകില്‍ നിന്ന് കൈതൊട്ടു വിളിയ്ക്കാന്‍, കാവ്യബിംബങ്ങളായി കൂട്ടുവരാന്‍,  എതിര്‍ത്തു നിന്ന് കലഹിയ്ക്കാന്‍,എന്നെ പ്രാപ്തനാക്കി. പണ്ട്, രണ്ടാം ക്ലാസിലെ മലയാള പാഠപുസ്തകത്തില്‍ "സ്നേഹിച്ചവന് തലകൊടുത്തൂ" എന്ന പേരില്‍ ഒരു വാഴയുടെ ആത്മകഥ പഠിയ്ക്കാന്‍ ഉണ്ടായിരുന്നു. ഒരിയ്ക്കല്‍ ആ പാഠം വായിച്ചു ഞാന്‍ തേങ്ങിക്കരഞ്ഞു,അപ്പോള്‍ എന്നരികില്‍ വന്നിരുന്ന മുത്തശ്ശി പറഞ്ഞു...മോനെ ഇത് കഥയല്ലേ, ഇത് വായിച്ചു നീ കരഞ്ഞെങ്കില്‍ നിന്റെയുള്ളില്‍ നന്മയുണ്ട്...മുത്തശ്ശിയുടെ വാക്കുകള്‍ ഒരനുഗ്രഹമായിരുന്നോ?

      വൃശ്ചികമാസത്തിലെ മഞ്ഞണിരാവുകള്‍ സാന്ദ്രമാക്കുന്ന ഉടുക്കിന്റെയും ഇളം കാറ്റിലൊഴുകിയെത്തുന്ന ശാസ്താംപാട്ടിന്റെയും നാദലയങ്ങളും, കൂട്ടുകാരും അദ്ധ്യാപകരും പരിചയപ്പെടുത്തിയതും പുസ്തകങ്ങളും  പ്രകൃതിയും പകര്‍ന്ന അനുഭവചിണുങ്ങുകളും  എഴുത്തിലേയ്ക്കു നടക്കുന്നതിനു  പ്രേരകമായി.
     അടിയന്തരാവസ്ഥ നടമാടുന്ന എഴുപതുകളുടെ അന്ത്യത്തില്‍ (എട്ടാംക്ലാസ്സില്‍  പഠിയ്ക്കുന്ന സമയം) സ്ക്കൂള്‍ നാടകം എഴുതിക്കൊണ്ടാണ്  എഴുത്തിന്റെ  വഴിയെത്തിയത് .  നാടകവും ചെറുകഥകളുമായി എഴുത്ത്  സ്വകാര്യസ്വത്തായി കുറേക്കാലം കൊണ്ട് നടന്നു.പിന്നീടെപ്പോഴോ കവിതയിലേയ്ക്ക് (കൃത്യമായിപ്പറഞ്ഞാല്‍ എന്പതുകളുടെ ആദ്യം) വന്നെത്തുകയായിരുന്നൂ........

Thursday, September 22, 2011

വായനയുടെ വര്‍ത്തമാനം

വായനയുടെ വര്‍ത്തമാനം  
 
  മറക്കാന്‍ കഴിയാത്ത  ഓര്‍മ്മകള്‍ ഒരു ബാധ്യതയാണ്. ചില പുസ്തകങ്ങളും  അത് പോലെതന്നെ. ഒരാവര്‍ത്തിയെ  വായിച്ചുള്ളൂവെങ്കിലുംഅത് നമ്മുടെ  മനസ്സിലുണ്ടാക്കുന്ന ചലനത്തിന്റെ അലയടങ്ങില്ല വേഗത്തില്‍.കുട്ടിക്കാലത്തൊരിയ്ക്കല്‍ മാത്രം വായിച്ച കുഞ്ഞിക്കൂനന്‍ എന്ന നോവല്‍ 
ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.
എന്തുകൊണ്ടാണിത്  സംഭവിയ്ക്കുന്നത്? സാഹിത്യത്തിനു ഇങ്ങനെയൊരു  ശക്തിയുണ്ട്.  അത് കുട്ടികളുടെ നോവലാണെങ്കിലും അതിന്നുള്ളില്‍  അന്തര്‍ലീനമായിരിയ്ക്കുന്ന സന്ദേശം  മഹത്തായതുകൊണ്ടാണ് . അങ്ങനെയുള്ള  കൃതികള്‍ ഇന്നുണ്ടാകുന്നില്ല. അത് മാത്രവുമല്ല ഇന്ന് സ്കൂളുകളില്‍  സജീവമായ  വായനാശീലം  വളര്‍ത്തിയെടുക്കുന്നതില്‍  പല അദ്ധ്യാപകരും ശുഷ്ക്കാന്തി കാണിയ്ക്കുന്നില്ല. അത് നമ്മുടെ കുട്ടികളില്‍ മാതൃഭാഷയോടുള്ള മമത കുറയ്ക്കുന്നതിന്  കാരണമായിട്ടുണ്ട്. അതുപോലെ തന്നെ നാട്ടിന്‍പുറങ്ങളില്‍ പണ്ട് സജീവമായിരുന്ന ഗ്രന്ഥശാലകള്‍ പലതും ഇന്ന് നിര്‍ജ്ജീവമാണ്.  ഉള്ളവയില്‍ തന്നെ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല.സര്‍ക്കാര്‍ ഗ്രാന്റു വാങ്ങിയെടുക്കുന്നതിനു വേണ്ടിയുള്ള കടലാസ്സു പണികള്‍ മാത്രമേ അവിടെ നടക്കുന്നുള്ളൂ. ഇതും നമ്മുടെ മാതൃഭാഷയോടുള്ള സ്നേഹം കുറയാന്‍ ഒരു കാരണമായി .
      വായന മാനസ്സികസംസ്കരണോപാധിയാണ്. അതുകൊണ്ടാണ് "പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോള്ളൂ. പുത്തനൊരായുധമാണ്   നിനക്കതു"  എന്ന് ബ്രെഹ്ത് പറഞ്ഞത്.യുവതലമുറ കൂടുതലും വഴിതെറ്റിപ്പോകുവാനുണ്ടായ കാരണങ്ങളിലൊന്ന് വായനയുടെ  അപര്യാപ്തതയാണ്.  ഭാവനയുടെ  ലോകത്ത്  സഞ്ചരിയ്ക്കുവാനുള്ള  അവരുടെ അവസ്സരമാണ് ഇതിലൂടെ നഷ്ടമായത്. തന്മൂലം അവരില്‍ മുതിര്‍ന്നവരോടും സഹജീവികളോടുമുള്ള   സമീപനത്തില്‍ വളരെയേറെ മൂല്യശോഷണമുണ്ടായി. ഈ സ്ഥിതി മാറ്റിയെടുക്കണമെങ്കില്‍ സ്കൂള്‍ തലത്തില്‍ നിന്ന് നാം വീണ്ടും തുടങ്ങണം.അതുപോലെ നമ്മുടെ  കരിക്കുലസമ്പ്രദായത്തില്‍  കാതലായ മാറ്റം വരുത്തണം.അതോടൊപ്പം അദ്ധ്യാപകസമൂഹത്തിന്റെ സമഗ്ര സംഭാവനയും  അത്യന്താപേക്ഷിതമാണ്. അതിനുള്ള ഒരു തയ്യാറെടുപ്പ് നടത്തേണ്ടതിന്റെ കാലം അതിക്രമിച്ചിരിയ്ക്കുകയാണ്  താനും.

Monday, September 19, 2011

തമസ്ക്കരിക്കപ്പെടുന്ന ആദര്‍ശങ്ങള്‍

തമസ്ക്കരിക്കപ്പെടുന്ന ആദര്‍ശങ്ങള്‍


 നാം വര്‍ത്തമാന കാലത്ത് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നം,നമ്മുടെ രാജ്യത്തിന്റെ ഭരണചക്രം തിരിക്കേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ,  ആദര്‍ശങ്ങള്‍ പണയം വച്ചുകൊണ്ട് തെരുക്കൂത്തുകാരന്റെ കുരങ്ങനെ പോലെ മലക്കം മറിയുന്നതാണ്. ഒന്ന് പറയുകയും മറ്റൊന്ന് ചെയ്യുകയും എന്ന നാണംകെട്ട ചെയ്തികള്‍ നമ്മുടെ ചിന്താ മണ്ഡലത്തെ യാകെ ഉഴുതു മറിക്കുന്നു. പ്രത്യയ ശാസ്ത്രപരമായ യാതൊരു യോജിപ്പും ഇല്ലാത്ത പ്രസ്ഥാനാങ്ങളില്‍  നിന്ന് വരുന്നവരെ ഇരുകയ്യും നീട്ടി സ്വീകരിച്ചാനയിക്കുന്നതു യാതൊരു മനസാക്ഷിക്കുത്തും ഇല്ലാതെയാണ് ...ഇടതുപക്ഷ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് ജീവത്യാഗം ചെയ്ത രക്തസാക്ഷികള്‍ (ജീവിക്കുന്നത് ഉള്‍പ്പടെ ) അവരോടു   നമുക്കൊരു ബാധ്യതയുണ്ട് , ഏതൊരു ആദര്‍ശത്തിന് വേണ്ടിയാണോ അവര്‍ ജീവന്‍ ബലിനല്കിയത്, അത് നിറവേറ്റുക ...എന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്ന് നേതാക്കള്‍ ഈ ബാധ്യത സൌകര്യപൂര്‍വ്വം മറക്കുകയും സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ആദര്‍ശങ്ങള്‍ പണയം വയ്ക്കുകയോ തമസ്ക്കരിക്കുകയോ ചെയ്യുന്നു . ഇത് ഒരു വ്യക്തിത്വ ശോഷണമോ അപനിര്‍മ്മിതിയോ ആണെന്ന് തിരിച്ചറിയുക. ഇത് ബോധപൂര്‍വമായ ഒരു പ്രവര്‍ത്തനം തന്നെയാണെന്ന് . സ്വാര്‍ത്ഥമതികള്‍ നിരന്തരമായ ഇടപെടലുകള്‍ ഈ രംഗത്ത് നടത്തികൊണ്ടിരിക്കുന്നു. ഇത് തിരിച്ചറിയുക എന്നുള്ളതാണ് വര്‍ത്തമാന കാലത്തെ നമ്മുടെ ദൌത്യം ....

ബി ടി മനുഷ്യന്‍ (B T MEN )

ബി ടി മനുഷ്യന്‍ (B T MEN )

ബി ടി ബ്രിഞ്ഞാല്‍ ,ബി ടി കോട്ടന്‍,എന്നൊക്കെ നാം കേട്ടിട്ടുണ്ട്.ജനിതക മാറ്റം വരുത്തിയ ഈ വക സാധനങ്ങള്‍ നമ്മുടെ മനുഷ്യരില്‍ എന്ത് പ്രതിപ്രവര്‍ത്തനം നടതുമെന്നതിനെപ്പറ്റി പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.ഞാന്‍ ചിന്തിക്കുന്നത് എന്നാണു ഒരു ബി ടി മനുഷ്യന്‍ പിറക്കുക എന്നതാണ്.ഗര്‍ഭസ്ഥ ശിശുവില്‍ ഏതെങ്കിലും വിധത്തില്‍ ഒരു ഹിംസ്ര ജീനിനെ സന്നിവേശിപ്പിച്ചാല്‍ (ഗര്‍ഭിണികള്‍ക്ക് കൊടുക്കുന്ന മരുന്നുകളിലൂടെയുമാവാം) പിറക്കുന്നകുട്ടിയുടെ സ്വഭാവത്തില്‍ ഹിംസ്സാ വാസനകൂടിയിരിക്കും . കാലക്രമേണ ഇത്തരത്തിലുള്ള കുട്ടികള്‍ കൂടുകയും നാട്ടില്‍ അരാചകത്വം വളരുകയും ചെയ്യും. ഒരു പക്ഷെ നാമിത് പറയുമ്പോള്‍ തന്നെ ഏതെങ്കിലും പരീഷണശാലയില്‍ ബി ടി മനുഷ്യനെ ഉല്പാധിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാവാം. ഈ കണ്ടുപിടിത്തം വേണമെങ്കില്‍ ശത്രു രാജ്യങ്ങള്‍ക്കെതിരെ ഒരു ജൈവായുധമായി പ്രയോഗിക്കപ്പെടാവുന്നതാണ്.അങ്ങനെ വന്നാല്‍ ഉണ്ടാകുന്ന  ഭീകരത ഒനാലോചിച്ചു നോക്കൂ.... 

എന്റോസള്‍ഫാന്റെ പിന്നാമ്പുറ ചിന്തകള്‍

എന്റോസള്‍ഫാന്റെ പിന്നാമ്പുറ ചിന്തകള്‍

നാം എന്റോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ അതില്‍ സന്തോഷിക്കുന്ന ഒരു കൂട്ടരുണ്ട് . കീടനാശിനികളുടെ പേറ്റെണ്ട് കരസ്ഥമാക്കിയവര്‍.ഇതില്‍ ഒരു സാമ്രാജ്യത്വ ഇടപെടല്‍ ഒളിഞ്ഞിരിപ്പുണ്ട്.1954 മുതല്‍ ലോകത്താകമാനം ഈ കീടനാശിനി ഉപയോഗിച്ച് വരുന്നുണ്ട്. പക്ഷെ നമ്മുടെ കാസര്‍ഗോട്ട് മാത്രമാണ് മനുഷ്യരിലെ ജനിതക വൈകല്യം പ്രകടമായത്.നാം നിത്യേന കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും ഈ കീടനാശിനി വ്യാപകമായ അളവില്‍ പ്രയോഗിച്ചിട്ടുണ്ട്.എന്നാല്‍ കസ്സര്ഗോട്ടുള്ളത് പോലെയുള്ള അനുഭവം മറ്റെവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇതിനര്‍ത്ഥം കാസര്ഗോട്ടുള്ളവരെ മാത്രം ഒരു പരീക്ഷണ വസ്തുവായി മനപ്പൂര്‍വം ഉപയോഗപ്പെടുത്തുകയോ അതല്ലെങ്കില്‍ അവിടെ ഈ കീടനാശിനി പ്രയോഗിച്ചപ്പോള്‍ വന്ന കയ്യ ബദ്ധമോ ആണെന്നല്ലേ.അല്ലെങ്കില്‍ 2006  ല്‍ നിരോധിക്കപ്പെട്ട ഈ കീടനാശിനിയുടെ പരിണിത ഫലം ഇപ്പോഴും എന്ത് കൊണ്ടാണ് തുടരുന്നത്. ഈ കാര്യത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്‌.
ഇനി ഇതിന്റെ മറുവശം ,എന്റൊസള്‍ഫാന്‍ നിരോധിച്ചാല്‍ അതിന്റെ ഗുണം കിട്ടുന്നത് ഞാന്‍ മുന്‍പേ പറഞ്ഞ ബദല്‍ കീടനാശിനിയുടെ പേറ്റെണ്ട് കരസ്ഥമാക്കിയവര്‍ക്കാണ് ..എന്റൊസള്‍ഫാന്‍ പേറ്റെണ്ട് ഇല്ലാത്ത കീടനാശിനിയാണ്‌. അത് നിരോധിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ഇതിന്റെ പത്തിരട്ടി വിലയ്ക്കുള്ള ബദല്‍ കീടനാശിനി ഉപയോഗിക്കേണ്ടി വരും .അപ്പോള്‍ വിത്തിന്റെയും കീടനാശിനിയുടെയും  പേറ്റെണ്ട് സ്വന്തമാക്കിയ സാമ്രാജ്യത്വ കുത്തകകള്‍ നമ്മുടെ കാര്‍ഷിക മേഖലയാകെ കയ്യടക്കുകയും നാം ദാരിദ്ര്യത്തില്‍ നിന്നും കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്യും.ഇത് മനസ്സിലാക്കിയത് കൊണ്ടാണ് ചൈനയടക്കമുള്ള കമ്യൂണിസ്റ്റു രാജ്യങ്ങള്‍ എന്റൊസള്‍ഫാന്‍ നിരോധനത്തിനെതിരെ നിലക്കൊണ്ടത്.എന്നാല്‍ ഇന്ത്യയുടെ സ്ഥിതിയതല്ല ഇവിടുത്തെ കീടനാശിനിയുല്പാദക ലോബിക്ക് വേണ്ടി നിലക്കൊണ്ടാതിനാലാണ് നിരോധനത്തെയെതിര്ത്തത്.എന്നാല്‍ ഇന്ത്യന്‍ ഭരണകൂടത്തെ നിരോധനതിനനുകൂലമായ തീരുമാനമെടുപ്പിക്കേണ്ടത് സാമ്രാജ്യത്വത്തിന്റെ ആവശ്യമാണ്‌.അതിനു വീണുകിട്ടിയ ഒരവസരമാണ് എന്റൊസള്‍ഫാന്‍ വിരുദ്ധ സമരം.അതവര്‍ ഉപാധികളോടെയാണെങ്കിലും സാധിച്ചെടുത്തു. ഇപ്പോഴും രസകരമായ ഒരു വസ്തുത ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എന്റൊസള്‍ഫാന്‍ നിരോധിക്കണമെന്ന് ഔദ്യോഗികമായി പറയുകയോ  പ്രമേയം  പാസ്സാക്കുകയോ ചെയ്തിട്ടില്ലെന്നതാണ്. ഫലത്തില്‍ ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും എന്റൊസള്‍ഫാന്‍ നിരോധനതിനെതിരാണ്.......ഒരുതരത്തില്‍  അത് നമുക്ക് ഗുണം ചെയ്യും, തീര്‍ച്ച.

പരിണാമം

പരിണാമം

നാം പലപ്പോഴും മറവി ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നു.കുട്ടിക്കാലത്ത് നമ്മോടൊപ്പം പഠിച്ച കൂട്ടുകാരന്‍ അല്പം മുഷിഞ്ഞ വേഷത്തില്‍ വരുന്നത് കണ്ടാല്‍ വേഗം മൊബൈലെടുത്ത് ചെവിയില്‍ വച്ച് വെറുതെ മൂളി മൂളി നില്‍ക്കുകയും ഒളികണ്ണിട്ടു അയാള്‍ പോയോന്നു നോക്കുകയും ചെയ്യും. കഷ്ടകാലത്തിനു ആ സുഹൃത്ത്‌  നമ്മളുടെ അടുത്തേക്ക് വന്നാല്‍ അപരിചിത ഭാവത്തില്‍ നോക്കുയും ഹോ .. എന്റെ ഒരു മറവി..എന്ന് പറഞ്ഞു ങാ ...എന്ന് മൂളി ഒഴിവാക്കും. മറിച്ച് വരുന്നത് നമ്മെക്കാള്‍ ഒരുപടി ഉയര്‍ന്നതോ സമമോ ആയ ജീവിതനിലവാരത്തില്‍ ഉള്ളയാളാണെങ്കില്‍ ഹസ്തദാനം നല്‍കി സ്വീകരിക്കുന്നു.അല്‍പ്പം പോങ്ങച്ചതോടെ അടുത്ത് ബുക്ക് ചെയ്ത കാറിന്റെയും ഭാര്യക്ക് വാങ്ങിക്കൊടുത്ത വൈരനെക്ലസ്സിന്റെയും കഥ പറഞ്ഞു തുടങ്ങും. തൊട്ടയലത്ത് താമസിക്കുന്ന ആളെപ്പോലും അറിയാത്ത നാമങ്ങനെ  പൊതുസമൂഹത്തിന്റെ പ്രതിനിധിയാവുകയും നാടില്‍നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വത്തെ പറ്റി പ്രബന്ധം അവതരിപ്പിച്ചു സമ്മേളനഹാളിന്റെ ശീതളതയില്‍ അമര്‍ന്നിരിക്കുകയും ചെയ്യുന്നു. ഈ അര്‍ദ്ധരാത്രിക്കുടപിടിക്കല്‍ എന്ന് നാമാരംഭിച്ചോ അന്നുമുതല്‍ നാം മനുഷ്യത്വത്തില്‍ നിന്നും മൃഗത്വതിലേക്കുള്ള മടക്കയാത്ര  ആരംഭിച്ചു. അതുകൊണ്ട് നമുക്ക് പകല്‍വീടുകളിലും വൃദ്ധമന്ദിരങ്ങളിലും ആളെക്കൂട്ടാനായി. നമ്മുടെ പുതിയ തലമുറ ലഹരിമരുന്നുകളില്‍ ചേക്കേറുകയും സഹജീവികളും  എതിര്‍ലിംഗക്കാരും കേവലം ഉപയോഗവസ്തുക്കളായി പരിണമിക്കുകയും കുടുംബബന്ധങ്ങള്‍ കാഴ്ചബംഗ്ലാവിലെ പ്രദര്‍ശന വസ്തുവായി പരിണമിക്കുകയും ചെയ്തു.