Saturday, December 29, 2012

കവിതാദിനത്തിന്റെ ദീപ്തസ്മരണകള്‍


കവിതാദിനത്തിന്റെ ദീപ്തസ്മരണകള്‍ 

൧൧൮൮ ധനു ൧ .( 1188 ധനു 1 ) 
 തോന്നയ്ക്കലേയ്ക്ക് പോകുവാനായി ആറ്റിങ്ങല്‍ നിന്നും ലോഫ്ലോര്‍ ബസ്സില്‍ കയറുമ്പോള്‍, മലയാളകവിതയ്ക്കായി ഒരു ദിനം എന്ന ചരിത്രപരമായ ദൌത്യത്തില്‍ എന്റെ പങ്കു നിറവേറ്റുവാന്‍ പോകുകയാണെന്ന അഭിമാനബോധം മനസ്സില്‍  നുരഞ്ഞുയരുകയായിരുന്നു. ഞാനെത്തുമ്പോഴെയ്ക്കും പരിപാടി തുടങ്ങിക്കഴിഞ്ഞിരുന്നു.
                     ചിത്രീകരിയ്ക്കപ്പെട്ട ആശംസകളുടെ പ്രദര്‍ശനമാണ് ആദ്യത്തെയെന്റെ കാഴ്ച. ഓ എന്‍ വിയും അക്കിത്തവും  സചിദാനന്ദനുമൊക്കെ ആശംസാസന്ദേശങ്ങളിലൂടെ കാവ്യകേളിയെ അനുമോദിച്ചുപറഞ്ഞു. ഒഎന്‍വിയുടെ സന്ദേശത്തില്‍ പ്രത്യേകിച്ച് പറഞ്ഞ ഒരു കാര്യം കവിതയുടെ നരേഷനില്‍ മാറ്റങ്ങള്‍  സംഭവിയ്ക്കുന്നുന്ടെങ്കിലും അതിന്റെ സ്വത്വം മാറ്റമില്ലതെ നിലക്കൊള്ളുന്നു എന്നതാണ്. അതിനോട് എനിയ്ക്ക് യോജിയ്ക്കുവാന്‍ എന്തുകൊണ്ടോ കഴിയുന്നില്ല .കാരണം വര്‍ത്തമാനകാല കവിതയുടെ സ്ഥിതി അങ്ങനെയല്ലാ എന്നുള്ളത് തന്നെ . പുതിയ കവിതയില്‍ നരേഷനില്‍ മാത്രമല്ല അതിന്റെ സ്വത്വത്തിലും കാതലായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പക്ഷപാതമില്ലാതെ ഇന്നത്തെ കവിതയെ സമീപിയ്ക്കുന്ന ഏവര്‍ക്കും ബോധ്യപ്പെടുന്നതാണ്.

  മലയാളത്തിലെ ലബ്ദപ്രതിഷ്ടരായ കവികള്‍ പി കെ ഗോപിയും മണമ്പൂര്‍ രാജന്‍ബാബുവും ആലംകോട് ലീലാകൃഷ്ണനും ആശംസകള്‍ നേര്‍ന്നു അവിടെ നിന്നും പോയി.അപ്പോഴേയ്ക്കും പട്ടാമ്പി കോളേജില്‍ നിന്നും ചിത്രഭാനുമാഷിന്റെയും ഗീതടീച്ചറുടെയും നേതൃത്വത്തില്‍ കുറച്ചു കുട്ടികള്‍ അവിടെയെത്തി ചിത്രഭാനുമാഷും ഗീതടീച്ചറും  ആശംസകള്‍ അര്‍പ്പിച്ചു അവിടെനിന്നും പോയി .ഇതൊക്കെ മലയാള കവിതാദിനത്തിന്റെ സവിശേഷതകള്‍ ആയിരുന്നു.

                         രണ്ടാമത് നടന്നത് പരിചയപ്പെടുത്തലായിരുന്നു. അന്ന് വരെ മുഖപ്പുസ്തകത്തിലൂടെമാത്രം അറിയുമായിരുന്ന പലരെയും നേരില്‍ കാണാന്‍ കഴിഞ്ഞു .ടി ടി ശ്രീകുമാര്‍,ബാബു തളിയത്ത്‌ ,സച്ച്യെട്ടന്‍ ,ദാമോദര്‍ ,എം എന്‍ പ്രസന്നകുമാര്‍ ,വര്‍മ  തുടങ്ങി പലരെയും ............. കവിതാദിനത്തെ സാന്നിദ്ധ്യം കൊണ്ട് ധന്യമാക്കാന്‍ എത്തിയവര്‍......,. അതു ജീവിതത്തിലെ ഏറ്റവും മഹത്തായ ഒരു മുഹൂര്‍ത്തം തന്നെയായിരുന്നു. കവിതാദിനത്തിന്റെ മാറ്റ് കൂട്ടുന്ന സംഭാഷണങ്ങള്‍, സുഖാന്വേഷണങ്ങള്‍, പിന്നെ രുചികരമായ ഉച്ചഭക്ഷണം ............

ഉച്ചയ്ക്ക് ശേഷം ഹാളിലേയ്ക്ക് ആനയിച്ചത് ഗിരീഷ്‌ കുമാറിന്റെ കവിതചൊല്ലല്‍ ആയിരുന്നു. പിന്നെ ജ്യോതിഭായി പരിയാടത്തിന്റെ മധുരനാദത്തില്‍  വീണപൂവിന്റെ പുനജ്ജന്മം. ഉച്ചയ്ക്ക് ശേഷം കാര്യപരിപാടിയ്ക്ക് അല്പം ഔപചാരികത കൈവന്നു. നവമാധ്യമങ്ങളും  കവിതയും എന്നാ വിഷയത്തില്‍ ടി ടി ശ്രീകുമാര്‍ ഒരു ചിന്ത അവതരിപ്പിച്ചു തുടര്‍ന്ന് ആ വിഷയത്തില്‍ അംഗങ്ങളുടെ കാര്യമാത്രപ്രസക്തവും പ്രൌഡവുമായ ചര്‍ച്ച നടന്നു
സരിതാവര്‍മ മോഡരെട്ടു ചെയ്ത ചര്‍ച്ച ഒരു തവണ അല്പം ചൂട് പിടിയ്ക്കുകയും ചെയ്തു.

നാല് മണി ചായയും കഴിഞ്ഞു എല്ലാവരും ഹാളില്‍ നിന്നും പുറത്തെത്തി.അവിടെ പ്രധാന കെട്ടിടത്തിന്റെ പൂമുഖത്ത് എല്ലാവരും ഇരുന്നു പിന്നെ കവിതചൊല്ലല്‍ .വ്യത്യസ്ത ശബ്ദങ്ങളില്‍ പലപല ഭാവങ്ങളില്‍ കവിത പൂത്തുലയുകയായിരുന്നു.
സൂര്യന്‍ അന്നത്തെ ജോലി തീര്‍ത്ത്‌ സമുദ്ര സ്നാനത്തിനു പോകുമ്പോഴും കവിതകള്‍ പല കണ്ഠങ്ങളില്‍ നിന്നും പൂത്തു കൊണ്ടിരുന്നു. പിന്നെ യാത്ര പറയലുകള്‍, വീണ്ടും കാണണമെന്ന ഓര്‍മപ്പെടുത്തലുകള്‍ , പുതിയ ചുമതലകളുടെ ഭര മേല്പ്പിയ്ക്കല്‍..,. .
   ഗേറ്റ് കടന്നു റോഡിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി അവിടെ എഴുത്ത് പുരയ്ക്ക് മുന്നില്‍ നിന്ന് വീണപൂവിന്റെ നാവു യാത്രാ മംഗളങ്ങള്‍ നേര്‍ന്നു കൈവീശുന്നു വീണ്ടും വരണമെന്ന ഓര്‍മ്മപ്പെടുത്തലോടെ. മനസ്സില്‍ പറഞ്ഞു വരുമിനിയും..............  

Wednesday, September 19, 2012

കൊജ്ഞാണന്മാരുടെ കൂത്ത്‌

കൊജ്ഞാണന്മാരുടെ കൂത്ത്‌ 

അന്യന്റെ മണ്ട കീറിയാലും വേണ്ടീല്ല എന്റെ തൊണ്ട
നെറയണം .ദരിദ്രകോടികള്‍ വയറുകാഞ്ഞു നടക്കുമ്പോള്‍ അവരുടെ നവദ്വാരങ്ങളിലും കൂടി തിരുകിക്കയറ്റുന്ന നവജനാധിപത്യത്തിന്റെ അവതരണമാണ് ഈ വിലക്കയറ്റം. ടൂ ജിയിലൂടെയും കല്‍ക്കരിയിലൂടെയും മറ്റു
കാക്കത്തൊള്ളായിരം അഴിമതികളിലൂടെയും നവജനാധിപത്യവാദികളും അവരുടെ ചെരുപ്പുനക്കികളും കൂടി അടിച്ചുമാറ്റിയ പണത്തിന്റെ നൂറിലൊന്നു മതിയായിരുന്നു ഈ നാട്ടിലെ പട്ടിണി മാറ്റാന്‍.നമ്മുടെയൊക്കെ തലയെണ്ണി പനയപ്പെടുത്തെണ്ട യാതൊരു ആവശ്യവുമില്ല.നമ്മള് കൊജ്ഞാനന്മാര്‍ ഇപ്പോഴും പായുന്ന കുതിരയുടെ പിന്നാലെ കൊതിപിടിച്ചോടുന്ന പട്ടിയെപ്പോലെ ഇപ്പോള്‍ കിട്ടും സോഷ്യലിസം കുഴച്ചുരുട്ടി എന്ന് കാത്തിരിയ്ക്കുന്നു.

Thursday, February 9, 2012

ചര്‍ച്ചകള്‍ സജീവം


ചര്‍ച്ചകള്‍ സജീവം

കൃഷ്ണേട്ടന്റെ മരണം കൊലപാതകമോ ആത്മഹത്യയോ?
കാലില്‍ വിഷമുള്ള് തറച്ചതാണെന്നും അതല്ല
ആരോ മനപ്പൂര്‍വ്വം കുത്തിയതാണെന്നും രണ്ടു വാദം
പരിപ്പ് വടയും ചായയും പരസ്പരം പല്ലിറുമി,
അത് പഴയ കഥ, ഇന്ന് അവിടെയിരിയ്ക്കുന്നത്
മീതേല്‍ ആല്‍ക്കഹോളും താഴേല്‍ കോഴിപൊരിച്ചതും
ചര്‍ച്ചാവിഷയം കൃഷ്ണേട്ടന്‍ തന്നെ ..............
 
 

സദാചാരക്കമ്മിറ്റികള്‍ വാഴുംകാലം.



സദാചാരക്കമ്മിറ്റികള്‍ വാഴുംകാലം.


കീചകവധം ബാലെ അരങ്ങു തകര്‍ക്കുമ്പോള്‍ ഭീമസേനന്‍ ഉറങ്ങിപ്പോയി ..... കഷ്ടം.... സൈരന്ധ്രി കരഞ്ഞുകലങ്ങിയ കണ്ണുമായി നാട്ടിടവഴിയിലൂടെ ഓടുകയാണ് .....കണ്ടവരും കേട്ടവരും കീചകനെ കീജയ് വിളിച്ചു......അവളേ  ദുര്ന്നടത്തക്കരിയാ....സദസ്യര്‍ എന്ത് പറഞ്ഞാലും വിശ്വസിയ്ക്കും കാലമതല്ലേ. ...അല്ലാതെ രാത്രിയില്‍ നടിയുടെ കതകിനു മുട്ടിയവര്‍ക്ക് ചൂലിന് നല്ല പെരുക്ക് കിട്ടയത് കൊണ്ടാണെന്ന് ആരും പറയില്ലല്ലോ .... മാന്യന്മാരുടെ  കള്ളി പുറത്താകണമെങ്കില്‍ രാത്രിയില്‍ സൂര്യനുദിയ്ക്കണം...സദാചാരകമ്മറ്റിക്കാര്‍ക്ക് എവിടെ വേണമെങ്കിലും ആവാം ...നമ്മുടെ നാട്ടിലെ സദാചാരനേതാക്കള്‍ ഇങ്ങനെയായതിനു ചരിത്രപരവും സാഹിത്യപരവുമായ കാരണമില്ലാതെയില്ല. സിനിമയിലെ നായകന്മാര്‍ എന്തൊക്കെ കോപ്പ്രായങ്ങള്‍ കാണിയ്ക്കുന്നു.അവര്‍ എന്തൊക്കെ അക്രമം കാണിച്ചാലും ജനം കയ്യടിയ്ക്കും.ഇനി ചരിത്രപരം;പണ്ട് ജന്മി മാരായിരുന്നല്ലോ നാട്ടിലെ സദാചാരനേതാക്കള്‍ അന്തി ചാഞ്ഞാല്‍പ്പിന്നെയവര്‍ക്ക് ചെറുമച്ചാളയില്‍ ഉറങ്ങിയാലും ഒരു കുഴപ്പവുമില്ല.പകല്‍ അവര്‍ക്ക് തീണ്ടാ ദൂരം കല്പ്പിചിട്ടുണ്ടെന്നു മാത്രം. ഇവരുടെ പിന്മുറക്കാരിപ്പോഴും  നാട്ടിലെ സദാചാര കമിറ്റിയുടെ തലപ്പത്തുണ്ട്.

Thursday, October 20, 2011

മറക്കാതിരിയ്ക്കുക തങ്കമണി
 
 
 
 
1986 ലെ  ഒരു രാത്രിയില്‍ ഇടുക്കി ജില്ലയിലെ തങ്കമണി ഗ്രാമത്തില്‍ പോലീസ്സുകാര്‍ നടത്തിയ കൂട്ട ബലാല്‍സംഗം . പോലീസ്സിനെ കയറൂരി വിട്ടു എതിരാളികെളെ തകര്‍ക്കുന്ന ക്രൂരത .അത് നടന്നത് കൊണ്ഗ്രസ്സിലെ ലീഡര്‍ എന്നറിയപ്പെടുന്ന കെ. കരുണാകരന്റെ ഭരണകാലത്തായിരുന്നു.ഇപ്പോള്‍ അദ്ദേഹത്തിന്‍റെ അനുയായി കുഞ്ഞൂഞ്ഞിന്റെ ഭരണകാലമാണ്.തുടക്കത്തിലേതന്നെ മുന്‍ഗാമിയുടെ വഴിയിലൂടെയാണ് കുഞ്ഞൂഞ്ഞും പോകുന്നത്. പോലീസ്സിനെ കൊണ്ട് ജനങ്ങളെ ഉപദ്രവിയ്ക്കകയാണ് .ജനാധിപത്യത്തിന്റെ പേരില്‍ ഒഴുക്കുന്ന മുതലക്കണ്ണീര്‍ ജനം തിരിച്ചറിയും.തങ്ങള്‍ക്കു  നേരെ ഉയര്‍ന്നു വരുന്ന ചോദ്യങ്ങളെ ആര്‍ജ്ജവത്തോടെ നേരിടേണ്ടതിനു  പകരം ചോരയില്‍ മുക്കി ക്കൊല്ലനാണ് ശ്രമിയ്ക്കുന്നത്.നിര്‍മല്‍ മാധവനെ വഴിവിട്ടു
സഹായിയ്ക്കുന്നു, എ സി പി രാധാകൃഷ്ണപിള്ളയെ രക്ഷിയ്ക്കുന്നു അങ്ങനെയെന്തെല്ലാം കാര്യങ്ങള്‍.അഴിമതി പ്രത്യക്ഷമായിത്തന്നെ  അലങ്കാരമായണിഞ്ഞു  കൊണ്ട് ഭരണം നടത്തുമ്പോള്‍ തങ്കമണി ഓര്‍മ്മയില്‍ വന്നാല്‍ തെറ്റ് പറയാന്‍ പറ്റില്ല .പോലീസുകാരെ ചട്ടുകമാക്കി നടത്തുന്ന അതിരാത്രങ്ങള്‍ ഒടുവില്‍ കുലം കത്തിച്ചു ചാമ്പലാക്കുന്നതിലെ  അവസാനിയ്ക്കുകയുള്ളൂ. ചാവടുക്കുംപോള്‍ ചിലര്‍ക്ക് ചില കുബുദ്ധികള്‍  തോന്നുമെന്ന് പറയാറുണ്ട്‌. അതുകൊണ്ട് നമ്മുടെ സഹോദരിമാരുടെ രക്ഷയ്ക്കായി കണ്ണുനട്ടു കാത്തിരിക്കുക.ഇല്ലെങ്കില്‍ തങ്കമണി ആവര്‍ത്തിയ്ക്കും.

Wednesday, September 28, 2011

എഴുത്തിന്റെ പുണ്യം വന്ന വഴി

എഴുത്തിന്റെ പുണ്യം വന്ന വഴി
      
         വയലരുകിലെ ഓലപ്പുരയുടെ കോലായില്‍ തെളിഞ്ഞു കത്തുന്ന നിലവിളക്കിന്‍ മുന്നിലെ പനയോലതടുക്കിലിരുന്നു എകാഗ്രചിത്തനായി ഭാഗവതപാരായണം ചെയ്യുന്ന അപ്പന്‍ (അച്ഛന്‍)) ))....,), അദ്ദേഹത്തിന്‍റെ സ്വരത്തിന്  ആദ്രമായ ഒരു വശ്യതയുണ്ടായിരുന്നു. രാവിന്റെ നിശബ്ദതയെ ഭേദിയ്ക്കുന്ന ആ അമൃതധാരയായിരിയ്ക്കണം ആദ്യമായി മനസ്സിലിറ്റു വീണ കാവ്യബിന്ദു .അദ്ദേഹം ജോലികഴിഞ്ഞെത്തുന്ന വൈകുന്നേരങ്ങളില്‍ തുഞ്ചനേയും  കുഞ്ചനേയും പരിചയപ്പെടുത്തി  തരാനെന്നപോലെ രാമായണകഥകളും  തുള്ളല്‍കഥകളും യഥേഷ്ടം പറഞ്ഞു തരാറുള്ളതു കൊണ്ടായിരിയ്ക്കാം ബാല്യത്തിന്റെ നാട്ടിടവഴികളില്‍ വച്ചുതന്നെ രാമരാവണന്മാരും പാണ്ഡവകൌരവന്മാരും സഹായാത്രികരായത്.
     
     അതുപോലെ തന്നെ മറ്റൊരു വഴികൂടി എന്നിലേയ്ക്ക് വന്നു ചേര്‍ന്നിട്ടുള്ളത്  മുത്തശ്ശിയായിരുന്നു. ഉറക്കത്തിന്റെ മുന്നൊരുക്കങ്ങളില്‍ എന്റെ ചേതനയിലേയ്ക്കു കിനിഞ്ഞിറങ്ങിയ നാട്ടുഭാഷയുടെ കൈപ്പുണ്യമായിരുന്നു മുത്തശ്ശി. വിദ്യാഭ്യാസ്സമില്ലതിരുന്നിട്ടും വായ്മൊഴിയായി പകര്‍ന്നുകിട്ടിയ ആ മുത്തിമൊഴികള്‍ മൊഴിമുത്തുകളായി പകര്‍ന്നാട്ടം നടത്തിയ ഭീമനും കൃഷ്ണകുചേലന്മാരും  ഏതു ചിന്തകളിലും തൊട്ടരുകില്‍ നിന്ന് കൈതൊട്ടു വിളിയ്ക്കാന്‍, കാവ്യബിംബങ്ങളായി കൂട്ടുവരാന്‍,  എതിര്‍ത്തു നിന്ന് കലഹിയ്ക്കാന്‍,എന്നെ പ്രാപ്തനാക്കി. പണ്ട്, രണ്ടാം ക്ലാസിലെ മലയാള പാഠപുസ്തകത്തില്‍ "സ്നേഹിച്ചവന് തലകൊടുത്തൂ" എന്ന പേരില്‍ ഒരു വാഴയുടെ ആത്മകഥ പഠിയ്ക്കാന്‍ ഉണ്ടായിരുന്നു. ഒരിയ്ക്കല്‍ ആ പാഠം വായിച്ചു ഞാന്‍ തേങ്ങിക്കരഞ്ഞു,അപ്പോള്‍ എന്നരികില്‍ വന്നിരുന്ന മുത്തശ്ശി പറഞ്ഞു...മോനെ ഇത് കഥയല്ലേ, ഇത് വായിച്ചു നീ കരഞ്ഞെങ്കില്‍ നിന്റെയുള്ളില്‍ നന്മയുണ്ട്...മുത്തശ്ശിയുടെ വാക്കുകള്‍ ഒരനുഗ്രഹമായിരുന്നോ?

      വൃശ്ചികമാസത്തിലെ മഞ്ഞണിരാവുകള്‍ സാന്ദ്രമാക്കുന്ന ഉടുക്കിന്റെയും ഇളം കാറ്റിലൊഴുകിയെത്തുന്ന ശാസ്താംപാട്ടിന്റെയും നാദലയങ്ങളും, കൂട്ടുകാരും അദ്ധ്യാപകരും പരിചയപ്പെടുത്തിയതും പുസ്തകങ്ങളും  പ്രകൃതിയും പകര്‍ന്ന അനുഭവചിണുങ്ങുകളും  എഴുത്തിലേയ്ക്കു നടക്കുന്നതിനു  പ്രേരകമായി.
     അടിയന്തരാവസ്ഥ നടമാടുന്ന എഴുപതുകളുടെ അന്ത്യത്തില്‍ (എട്ടാംക്ലാസ്സില്‍  പഠിയ്ക്കുന്ന സമയം) സ്ക്കൂള്‍ നാടകം എഴുതിക്കൊണ്ടാണ്  എഴുത്തിന്റെ  വഴിയെത്തിയത് .  നാടകവും ചെറുകഥകളുമായി എഴുത്ത്  സ്വകാര്യസ്വത്തായി കുറേക്കാലം കൊണ്ട് നടന്നു.പിന്നീടെപ്പോഴോ കവിതയിലേയ്ക്ക് (കൃത്യമായിപ്പറഞ്ഞാല്‍ എന്പതുകളുടെ ആദ്യം) വന്നെത്തുകയായിരുന്നൂ........

Thursday, September 22, 2011

വായനയുടെ വര്‍ത്തമാനം

വായനയുടെ വര്‍ത്തമാനം  
 
  മറക്കാന്‍ കഴിയാത്ത  ഓര്‍മ്മകള്‍ ഒരു ബാധ്യതയാണ്. ചില പുസ്തകങ്ങളും  അത് പോലെതന്നെ. ഒരാവര്‍ത്തിയെ  വായിച്ചുള്ളൂവെങ്കിലുംഅത് നമ്മുടെ  മനസ്സിലുണ്ടാക്കുന്ന ചലനത്തിന്റെ അലയടങ്ങില്ല വേഗത്തില്‍.കുട്ടിക്കാലത്തൊരിയ്ക്കല്‍ മാത്രം വായിച്ച കുഞ്ഞിക്കൂനന്‍ എന്ന നോവല്‍ 
ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.
എന്തുകൊണ്ടാണിത്  സംഭവിയ്ക്കുന്നത്? സാഹിത്യത്തിനു ഇങ്ങനെയൊരു  ശക്തിയുണ്ട്.  അത് കുട്ടികളുടെ നോവലാണെങ്കിലും അതിന്നുള്ളില്‍  അന്തര്‍ലീനമായിരിയ്ക്കുന്ന സന്ദേശം  മഹത്തായതുകൊണ്ടാണ് . അങ്ങനെയുള്ള  കൃതികള്‍ ഇന്നുണ്ടാകുന്നില്ല. അത് മാത്രവുമല്ല ഇന്ന് സ്കൂളുകളില്‍  സജീവമായ  വായനാശീലം  വളര്‍ത്തിയെടുക്കുന്നതില്‍  പല അദ്ധ്യാപകരും ശുഷ്ക്കാന്തി കാണിയ്ക്കുന്നില്ല. അത് നമ്മുടെ കുട്ടികളില്‍ മാതൃഭാഷയോടുള്ള മമത കുറയ്ക്കുന്നതിന്  കാരണമായിട്ടുണ്ട്. അതുപോലെ തന്നെ നാട്ടിന്‍പുറങ്ങളില്‍ പണ്ട് സജീവമായിരുന്ന ഗ്രന്ഥശാലകള്‍ പലതും ഇന്ന് നിര്‍ജ്ജീവമാണ്.  ഉള്ളവയില്‍ തന്നെ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല.സര്‍ക്കാര്‍ ഗ്രാന്റു വാങ്ങിയെടുക്കുന്നതിനു വേണ്ടിയുള്ള കടലാസ്സു പണികള്‍ മാത്രമേ അവിടെ നടക്കുന്നുള്ളൂ. ഇതും നമ്മുടെ മാതൃഭാഷയോടുള്ള സ്നേഹം കുറയാന്‍ ഒരു കാരണമായി .
      വായന മാനസ്സികസംസ്കരണോപാധിയാണ്. അതുകൊണ്ടാണ് "പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോള്ളൂ. പുത്തനൊരായുധമാണ്   നിനക്കതു"  എന്ന് ബ്രെഹ്ത് പറഞ്ഞത്.യുവതലമുറ കൂടുതലും വഴിതെറ്റിപ്പോകുവാനുണ്ടായ കാരണങ്ങളിലൊന്ന് വായനയുടെ  അപര്യാപ്തതയാണ്.  ഭാവനയുടെ  ലോകത്ത്  സഞ്ചരിയ്ക്കുവാനുള്ള  അവരുടെ അവസ്സരമാണ് ഇതിലൂടെ നഷ്ടമായത്. തന്മൂലം അവരില്‍ മുതിര്‍ന്നവരോടും സഹജീവികളോടുമുള്ള   സമീപനത്തില്‍ വളരെയേറെ മൂല്യശോഷണമുണ്ടായി. ഈ സ്ഥിതി മാറ്റിയെടുക്കണമെങ്കില്‍ സ്കൂള്‍ തലത്തില്‍ നിന്ന് നാം വീണ്ടും തുടങ്ങണം.അതുപോലെ നമ്മുടെ  കരിക്കുലസമ്പ്രദായത്തില്‍  കാതലായ മാറ്റം വരുത്തണം.അതോടൊപ്പം അദ്ധ്യാപകസമൂഹത്തിന്റെ സമഗ്ര സംഭാവനയും  അത്യന്താപേക്ഷിതമാണ്. അതിനുള്ള ഒരു തയ്യാറെടുപ്പ് നടത്തേണ്ടതിന്റെ കാലം അതിക്രമിച്ചിരിയ്ക്കുകയാണ്  താനും.