Sunday, February 23, 2014

റൂബെല്ല വാക്സിനേഷന്‍

1.      റൂബെല്ല വാക്സിനേഷന്‍



    മാധ്യമങ്ങളില്‍ നാഴികയ്ക്ക് നാല്പതുവട്ടം റൂബ്ലെല്ലാ വാക്സിനെഷനെക്കുറിച്ചുള്ള പരസ്യം വന്നു കൊണ്ടിരിയ്ക്കുകയാണല്ലോ, ജര്‍മന്‍ മീസില്‍സിനു എതിരെ നടത്തുന്ന ഈ വാക്സിനേഷന്‍ കൌമാരക്കാരായ എല്ലാ പെണ്‍കുട്ടികള്‍ക്കും എടുക്കെണ്ടാതല്ലേ ? ഇവര്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍ എയിഡഡ് മേഖലയിലുള്ള ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസില്‍ വരെ പഠിയ്ക്കുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമേ ഈ അസുഖം വരാനുള്ള സാദ്ധ്യത ഉള്ളൂ എന്നു തോന്നും. ഇതിന്റ വരും വരായ്കകളെ ക്കുറിച്ച് കാര്യമായ യാതൊരുവിധ പഠനങ്ങളും നടന്നതായി ഒരു വാര്‍ത്തയും എങ്ങും കണ്ടാതായി ഓര്‍ക്കുന്നില്ല. ആകെ നമുക്ക് കിട്ടുന്നത് സിറം ഇന്‍സ്ടിട്യൂട്ട് ഓഫ് ഇന്ത്യ ലിമിറ്റെഡ് ബ്ലോഗില്‍ കാണുന്ന ചില വിവരണങ്ങള്‍ മാത്രമേയുള്ളൂ. അതാകട്ടെ വിശദസ്വഭാവം ഇല്ലാത്തതുമാണ്.സ്വാഭാവികമായും ഒരു സാധാരണക്കാരന്  ഉണ്ടാകാവുന്ന ചില സംശയങ്ങള്‍ ഈയുള്ളവന്‍റെ മനസിലും ഉയരുന്നുണ്ട് . എയിഡഡ് സ്ക്കൂളില്‍ അല്ലാതെ അണ്‍എയിഡഡ്സ്ക്കൂ ളില്‍ പഠിയ്ക്കുന്ന കൌമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ഈ രോഗം വരില്ലെന്ന് ആരാണ് കണ്ടുപിടിച്ചത്? അപ്പോള്‍ ആരോ ബോധപൂര്‍വം ഈ പദ്ധതിയ്ക്ക് പിന്നില്‍ കളിയ്ക്കുന്നുണ്ട് അത് ഒരു പക്ഷെ ജനസംഖ്യാ നിയന്ത്രണത്തിനു വേണ്ടിയുള്ള ഒരു ഹിഡന്‍ അജണ്ട തന്നെയാകാനും വഴിയുണ്ട്. കാരണം സാധാരണക്കാരന്റെ കുട്ടികള്‍ പഠിയ്ക്കുന്നത് അധികവും സര്‍ക്കാര്‍, എയിഡഡ് സ്ക്കൂളില്‍ തന്നെയാണല്ലോ പരീക്ഷണങ്ങള്‍ നടത്താനുള്ള പന്നിക്കുട്ടികള്‍ അവിടെയാണെന്ന് ഏതെങ്കിലും ഒരു വെള്ളിക്കരണ്ടി ബ്യൂറോക്രാറ്റിന്റെ തലയില്‍ തോന്നിക്കാണും. ഏതായാലും ഈ വക്സിന്റെ വ്യാപകമായ പ്രചാരണത്തിന് പിന്നില്‍ അത്ര സുഖകരമല്ലാത്ത എന്തൊക്കെയോ നിഗൂഡതകള്‍ ഉണ്ടെന്നതാണ് യഥാര്‍ത്ഥ്യം.

ആള്‍ ദൈവങ്ങളില്‍ അഭയം തേടുന്നവര്‍

1.      ആള്‍ ദൈവങ്ങളില്‍ അഭയം തേടുന്നവര്‍



     വര്‍ത്തമാനകാലത്തില്‍ പല ആള്‍ദൈവങ്ങളെപ്പറ്റിയും പലവിധത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. അവയില്‍ ഏറ്റവും ഒടുവിലത്തേത് വള്ളിക്കാവില്‍ സുധാമണിയെന്ന ലോകയമ്മയുടെ വത്സല ശിഷ്യയായിരുന്ന  ഗായത്രി (ഗൈല്‍ ട്രേഡ്വെല്‍ ) എഴുതിയ വിശുദ്ധ നരകം (ഹോളി ഹെല്‍) എന്ന പുസ്തകത്തില്‍ ആശ്രമത്തിനെതിരെ ഉള്ള ഗുരുതരമായ ആരോപണങ്ങളാണ്. അതെന്തു തന്നെയായാലും ഇവിടെ നമ്മുടെ ചിന്താവിഷയം വേറെയാണ്. എന്തുകൊണ്ടാണ് ഇത്തരം ആള്‍ ദൈവങ്ങളുടെ അരുകിലേയ്ക്ക് ഇത്രയധികം ഭക്തര്‍ ഒഴുകിയെത്തുന്നത്? ഇവരുടെ ഭക്തരില്‍ ഏറ്റവുമധികം കാണപ്പെടുന്നത് ഇടത്തരക്കാരാണ്. പിന്നെ ഒരു നല്ല ശതമാനം സമ്പന്നരും ഉണ്ട്. ഇതില്‍ സമ്പന്നര്‍ക്ക് ഇവിടെയും ചോരതന്നെ കൊതുകിന്നു കൌതകമെന്ന ന്യായം പോലെ ഒറ്റ ലക്‌ഷ്യം മാത്രമേയുള്ളൂ. അവരുടെ വ്യവസായം പുഷ്ടിപ്പെടുത്തണം. എന്നാല്‍ ഇടത്തരക്കാര്‍ അങ്ങനെയല്ല അവര്‍ മാനസികമായ പിരിമുറുക്കം അനുഭവിയ്ക്കുന്നവരാണ്. അതില്‍നിന്നും ഒരു മോചനം മാത്രമാണ് അവരുടെ ലക്‌ഷ്യം. അതിനു അന്ധവിശ്വാസമെന്നോ ആത്മീയ തട്ടിപ്പെന്നോ നോക്കാതെ വെളിച്ചത്തിലെയ്ക്ക് പറന്നെത്തുന്ന മഴപ്പാറ്റകളെ പ്പോലെ ചതിയ്ക്കപ്പെടുമെന്ന വീണ്ടുവിചാരം പോലുമില്ലാതെ എത്തിപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ അവിടെ എത്തുമ്പോഴാണ് തങ്ങള്‍ കണ്ടത് വെളിച്ചമല്ലായെന്നും കൂരിരുട്ടിന്റെ ഐന്ദ്രജാലികവളയമാണെന്നും തിരിച്ചറിയുന്നത്‌. താല്‍ക്കാലികമായ ചില ആശ്വാസങ്ങള്‍ തോന്നുമെങ്കിലും അതൊരു ചതിക്കെണിയാണെന്നു വൈകിയാണെങ്കിലും തിരിച്ചറിവില്‍ എത്തുമ്പോഴേയ്ക്കും   അവര്‍ പലതരത്തില്‍ ചൂഷണം ചെയ്യപ്പെടുകയും പിന്നീടൊരിയ്ക്കലും മോചനം സാദ്ധ്യമല്ലാത്തവിധം ആ തട്ടിപ്പ് സംഘത്തില്‍ അകപ്പെടുകയും ചെയ്യുന്നു.
       എന്താണ് ഇങ്ങനെയൊരു ദുരവസ്ഥ സംജാതമാകാനുള്ള അടിസ്ഥാന കാരണം എന്ന പരിശോധനയുടെ അനിവാര്യതയിലെയ്ക്കാണ് മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ കൊണ്ടെത്തിയ്ക്കുന്നത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളിലാണ് ആത്മീയ വ്യവസായം ഇത്രയും തഴച്ചു വളര്‍ന്നത്‌ എന്ന് നമ്മുടെ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക ചരിത്രങ്ങള്‍ പരിശോധിയ്ക്കുന്നവര്‍ക്ക് അനായാസേന മനസിലാകും. സാമൂഹിക പ്രതിബദ്ധതയില്ലാത്ത ചില രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ സ്വജനപക്ഷപാതവും അഴിമതിയും അതിലൂടെ ആര്‍ജ്ജിയ്ക്കുന്ന കണക്കില്ലാത്ത ധനസമ്പാദനവും മനുഷ്യത്വരഹിതമായ ഭരണനിലപാടുകളും നാട്ടില്‍ അടിയ്ക്കടി ഉണ്ടാകുന്ന അരക്ഷിതാവസ്ഥയും പണപ്പെരുപ്പം മൂലവും അല്ലാതെയുമുണ്ടാകുന്ന പ്രതസന്ധികള്‍ എല്ലാം ജനജീവിതം ദുസഹമാക്കുകയും ഭാവിജീവിതം ത്രിശങ്കു സ്വര്ഗ്ഗത്തിലെന്നപോലെ അനിശ്ചിതത്തിലെയ്ക്കു കൂപ്പുകുത്തുകയും ചെയ്തു. ആ അവസരം മുതലെടുത്ത്‌ ഇവിടുത്തെ വര്‍ഗ്ഗീയശക്തികള്‍ ഇതെല്ലാം ദൈവീകമായ കോപം കൊണ്ട് ഉണ്ടാകുന്നതാണെന്നും അവയെ പ്രതിരോധിയ്ക്കാന്‍ ആത്മീയതയാണ് ഇനി കരണീയം എന്ന കുപ്രചരണം നടത്തുകയും അവര്‍ അതില്‍ വിജയിയ്ക്കുകയും ചെയ്തപ്പോഴാണ് ആള്‍ ദൈവങ്ങള്‍ക്ക് മുന്നിലേയ്ക്ക് ആളുകള്‍ ഒഴുകിയെത്താനുള്ള പ്രവണതയ്ക്ക് ആക്കം കൂടിയത്‌.

       എന്നാല്‍ ഈ ഒഴുക്കു തടയുന്നതില്‍ നമ്മുടെ മുഖ്യധാരാഇടതുപക്ഷ-പുരോഗമന പ്രസ്ഥാനങ്ങള്‍ കുറ്റകരമായ മൌനം പാലിച്ചു എന്ന യാഥാര്‍ത്ഥ്യം വിസ്മരിയ്ക്കാവുന്നതല്ല. മുന്‍കാലങ്ങളില്‍ ഈ കാര്യങ്ങളില്‍ അവര്‍ മുന്‍കയ്യെടുത്ത് നടത്തിയിട്ടുള്ള സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളാണ് ഇങ്ങനെയൊരു കുറ്റപ്പെടുത്തലിനു ആധാരമായത്‌ എന്നകാര്യം അവര്‍ക്ക് ബോദ്ധ്യപ്പെടും എന്ന് തന്നെയാണ് വിശ്വസിയ്ക്കുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ട അവസ്ഥയിലാണ്. എത്രയും വേഗത്തില്‍ ഇതിനൊരു പരിഹാരം കണ്ടെത്താന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിയ്ക്കാനുള്ള ആര്ജ്ജവമുള്ളത് ഇടതുപക്ഷ- പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌ മാത്രമാണ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ അവര്‍ ആരംഭിയ്ക്കുമെന്ന് നമുക്ക് പ്രത്യാശിയ്ക്കാം.  

Saturday, February 1, 2014

പുരാണത്തിന്റെ പുനര്‍വായന

പുരാണത്തിന്റെ പുനര്‍വായന

   നാം പലപ്പോഴും പുരാണങ്ങളും പുരാവൃത്തങ്ങളും വായിയ്ക്കുന്നത് അതിന്റെ പ്രകൃതത്തില്‍ നിന്ന് തന്നെയാണ്. അതാകട്ടെ യുക്തിരഹിതവും അതിശയോക്തി നിറഞ്ഞതുമായിരിയ്ക്കും. തന്മൂലം നമുക്ക് ലഭിയ്ക്കുന്ന അറിവിനും ആസ്വാദനത്തിനും പരിമിതികള്‍ ഉണ്ടാകുകയും യഥാതദമായ സംഭവങ്ങളുടെ അതിശയോക്തിവല്‍ക്കരണത്തിന്റെ അളവുകോല്‍ അറിയാതെ പോവുകയും ചെയ്യുന്നു. നമുക്ക് ലഭ്യമായിട്ടുള്ള പുരാണങ്ങളും അവയുടെ വിവര്‍ത്തനങ്ങളും എല്ലാം തന്നെ മേല്‍പ്പറഞ്ഞ അതിശയോക്തിയുടെ അതിപ്രസരണത്താല്‍ നിബിഢവുമാണ്. മണിപ്രവാളം തൊട്ടു ആരംഭിയ്ക്കുന്ന മലയാളഭാഷാപുരാണങ്ങളും പുരാവൃത്തങ്ങളുമെല്ലാം ഈ സരണിയില്‍ പെടുന്നവയാണ്. അതുകൊണ്ട് തന്നെ അവയുടെ പുനര്‍വായന ആവശ്യപ്പെടുന്ന ദിശാസൂചിക മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രത്തെ അടിസ്ഥാമാക്കിവേണം രൂപപ്പെടുത്തേണ്ടത്. ഡി ഡി കൊസാമ്പി യുടെ മിത്തും യാഥാര്‍ത്ഥ്യവും എന്നകൃതിയില്‍ ഇതിനെക്കുറിച്ച്‌ സവിസ്തരം പ്രതിപാതി യ്ക്കുന്നുണ്ട്.  ഗോത്രവര്‍ഗ്ഗ സമൂഹത്തില്‍ നിന്നും ആരംഭിയ്ക്കുന്ന മിത്തുകളുടെ ബീജാവാപം കാലാന്തരത്തില്‍ പുരാവൃത്തങ്ങളിലൂടെ കടന്നു പുരാണ കഥാപാത്രങ്ങളായി രൂപം പ്രാപിയ്ക്കുന്ന തടര്‍പ്രക്രിയയില്‍ ഓരോഘട്ടത്തിലും ആര്‍ജ്ജിയ്ക്കുന്ന രൂപപരിണാമങ്ങള്‍ വ്യക്തമായി മനസി ലാക്കിയാല്‍ പുരാണങ്ങളുടെ പുനര്‍വായന നിഷ്പ്രയാസം സാദ്ധ്യമാവുന്ന കാര്യമാണ്.
  മലയാളകവിതയുടെ പ്രയാണവഴികള്‍ ഒന്ന് പരിശോധിക്കാന്‍ ഒരു ശ്രമം നടത്തിയപ്പോള്‍ മനസിലായ കാര്യം അവയില്‍ അന്തര്‍ലീനമായിരിയ്ക്കുന്ന വര്‍ഗ്ഗപരമായ ചില വസ്തുതകളാണ്. മണിപ്രവാളകാലത്തും ചമ്പൂകാലത്തും കവിതയില്‍ അശ്ലീലത നിറഞ്ഞ ശൃംഗാര വര്‍ണനകള്‍ കൊണ്ട് നിറഞ്ഞതായിരുന്നു. അന്ന് കവിതയെന്നു പറയുന്നത് സാധാരണ ജനവിഭാഗത്തിനു മനസിലാക്കാന്‍ കഴിയാത്തതരത്തില്‍ സംസ്കൃതപദാവലി കൊണ്ട് നിറഞ്ഞതായിരുന്നു. സംസ്കൃതഭാഷ വരേണ്യവര്‍ഗ്ഗത്തിന്റെ തറവാട്ടുസ്വത്താക്കി കയ്യടക്കി വച്ചിരുന്നതും ഇതിനു ഒരു കാരണമായിരുന്നു. തരവാട്ടകങ്ങളില്‍ മൃഷ്ടാന്നഭോജനവും ശൃംഗാരാധിഷ്ടിത അശ്ലീലവര്ത്തമാനങ്ങളുമായി, സ്ത്രീയെ വെറും ഭോഗവസ്തു മാത്രമായിക്കണ്ടിരുന്ന, സാംസ്ക്കാരികമായി അധപ്പതിച്ച ഒരു സാമൂഹിക ചുറ്റുപാടില്‍ അകപ്പെട്ട ജനതയെയാണ് നമുക്ക് കാണാന്‍ കഴിയുക. എന്നാല്‍ പില്‍ക്കാലത്ത് എഴുത്തച്ഛന്‍ തുടങ്ങിവച്ച ഭക്തിപ്രസ്ഥാനമാണ് അവിടെനിന്നും സമൂഹത്തെ നേര്‍വഴിയ്ക്ക് നയിച്ചതെന്ന് നാം മനസിലാക്കുന്നു. അദ്ധ്യാത്മരാമായണത്തിലും ഭാഗവതത്തിലുമെല്ലാം അതിന്റെ നിരവധി തെളിവുകള്‍ ഉണ്ട്. ഏതൊരുകാലത്ത് രചിച്ച കൃതികളിലും അത് എഴുതിയകാലത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെ ചര്‍ച്ച ചെയ്യുകയോ വിമര്‍ശിയ്ക്കുകയോ ചെയ്യും എന്ന മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രതത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് കണ്ടെത്തുന്നത്. പൂന്താനത്തിന്റെ ജ്ഞാനപ്പാനയില്‍ “കൃപകൂടാതെ പീഢിപ്പിചീടുന്ന നൃപന്‍ ചത്തു കൃമിയായ് പിറക്കുന്നു” എന്നത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിനെതിരെ തൊടുത്തുവിട്ട വിമര്‍ശനശരം തന്നെയാണ്.
  ഇനി രാമായണത്തെ ഒന്ന് പരിശോധിച്ചാല്‍ അത് ഒന്നാംതരം ചാവേര്‍ ഗാഥയാണെന്ന് മനസിലാകും. ദ്രാവിഡന്‍മാരുടെ മേല്‍ ആര്യന്മാര്‍ നേടിയ ആധിപത്യത്തിന്റെ ബാക്കിപത്രമാണ് രാമായണം പണ്ട് മുതല്‍ തന്നെ പരാജിതരായ ഒരു ജനതയുടെ ആത്മരോദനം രാമായണത്തിന്റെ വരികള്‍ക്കിടയിലൂടെ നമുക്ക് വായിച്ചെടുക്കാം. യൂറോപ്പിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നും ഹിമാലയന്‍ മലമ്പാതകളിലൂടെ ഭാരതത്തിലെത്തിയ ആര്യന്മാര്‍ തങ്ങളേക്കാള്‍ മെച്ചപ്പെട്ട ജീവിതനിലവാരം പുലര്‍ത്തുന്ന ദ്രാവിഡന്‍മാരുടെ പുരികളും പത്തനങ്ങളും കയ്യേറുകയും അവരുടെ മേല്‍ ആധിപത്യം സ്ഥാപിയ്ക്കുകയും ചെയ്യുന്നു. സ്വതവേ സമാധാന പ്രിയരായ ദ്രാവിഡന്‍മാരില്‍ കുറേപ്പേര്‍ ഇവരില്‍ നിന്ന് രക്ഷപ്പെട്ടു ഭാരതത്തിന്റെ തെക്കുഭാഗത്തെയ്ക്ക് പലായനം ചെയ്യുകയും കുറച്ചുപേര്‍ ആര്യന്മാരോട് സന്ധിചെയ്തു സ്വയം അടിമത്തം ഏറ്റുവാങ്ങുകയും ചെയ്തു. നോക്കൂ രാമായണത്തില്‍ പ്രതിപാദിയ്ക്കുന്ന വാനരന്മാരും രാക്ഷസന്മാരും ദ്രാവിഡ സംസ്ക്കാരം ഉള്‍ക്കൊ ള്ളുന്നവര്തന്നെ അവരെ കീഴടക്കുന്നതിനു വേണ്ടിയുള്ള യുദ്ധങ്ങളുടെ കലാപരമായ ആവിഷ്ക്കാരങ്ങളാണ് രാമായണത്തില്‍ വിവരിയ്ക്കുന്നത്. ഒപ്പം തന്നെ അക്കാലത്ത് ശൂദ്രനു വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു എന്നുള്ള വസ്തുത ശംബുനിഗ്രഹത്തിലൂടെ വെളിവാകുകയും ചെയ്യുന്നു. വാല്മീകി രാമായണത്തിന് ഭക്തിയുടെ അകമ്പടിയില്ല. ഭക്തിപ്രസ്ഥാനത്തിന്റെ വരവോടുകൂടി രാമായണം പുനര്‍രചിയ്ക്കപ്പെട്ടപ്പോള്‍ മാത്രമാണ് ഭക്തി അതിനുള്ളില്‍ ആവേശിയ്ക്കുന്നത്. രാമായണത്തിന്  ഭാരതത്തിന്‌ വെളിയിലും ധാരാളം ഭാഷ്യങ്ങള്‍ ഉണ്ടെന്നുള്ളത് വിസ്മരിയ്ക്കുന്നില്ല.
  പുരാവൃത്തങ്ങള്‍ എടുത്തു നോക്കിയാലും കാലത്തിന്റെ കയ്യൊപ്പുകള്‍ ഒളിഞ്ഞും തെളിഞ്ഞും അതില്‍നിന്നും വെളിപ്പെടുന്നതായി കാണാം. ഉദാഹരണത്തിന് പെരുന്തച്ചന്റെ ആഖ്യാനത്തില്‍ തച്ചനെ ഒരു നികൃഷ്ടമനുഷ്യന്‍ എന്നതരത്തിലാണ് അടയാളപ്പെടുത്തിയിരിയ്ക്കുന്നത്. വരേണ്യതയുടെ കുഴലൂത്തുകാര്‍ വളരെ സമൃദ്ധമായി കെട്ടിച്ചമച്ച കഥയാണിതെന്നു യുക്തിബോധത്തിന്റെ ഉരകല്ലില്‍ പരിശോധിയ്ക്കുന്ന ഏതൊരാള്‍ക്കും മനസിലാകും. ഒരു വ്യക്തിയെ എങ്ങനെയൊക്കെയാണ് തകര്‍ക്കാന്‍ കഴിയുക എന്നതിന്റെ കിറുകൃത്യമായ ദൃഷ്ടാന്തമാണ് തച്ചന്‍റെ ചരിതം അനാവരണം ചെയ്യുന്നത്. അക്കാലത്ത് ഒരു കീഴാളസമൂഹത്തില്‍പെട്ട ഒരു വ്യക്തി വിദ്യാഭ്യാസപരമായോ സാമൂഹികമായോ ഉയര്‍ച്ച നേടുന്നത് വരേണ്യ വര്‍ഗ്ഗത്തിന് സഹിയ്ക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. അന്നവര്‍ക്ക് നേരിടേണ്ടിവന്ന സാമൂഹിക അസമത്വത്തിനെതിരെ മുഖത്തു തുപ്പുന്ന പാവയെ നിര്‍മ്മിച് കൊണ്ട് തച്ചന്‍ പ്രതികരിച്ചപ്പോള്‍, മകന്‍ ചെള്ളയ്ക്ക് അടിയ്ക്കുകയാണ് വേണ്ടത് എന്ന് അല്‍പ്പം കൂടി തീവ്രമായി ചിന്തിച്ചതിന്റെ ഫലമാണ് ചെകിടത്തു അടിയ്ക്കുന്ന പാവയുടെ നിര്‍മ്മാണത്തിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ കൊടികുത്തി വാഴുന്ന വരേണ്യ പ്രഭുക്കള്‍ അതിനെയും തച്ചനെതിരെയുള്ള ആയുധമാക്കി തിരിച്ചു വിട്ടു. കുന്നത്തൂര്‍ കോലോത്തെ ചെറിയ തമ്പുരാട്ടിയ്ക്ക് തച്ചന്റെ മകനോട്‌ തോന്നിയ അനുരാഗത്തിന്റെ പേരില്‍ നാടുവാഴിക്കിങ്കരന്മാര്‍ വെട്ടിക്കൊലപ്പെടുത്തിയ കഥയാണ് ഉളിയെറിഞ്ഞു സ്വന്തം മകനെ തച്ചന്‍ കൊന്നതെന്ന് പറഞ്ഞു പരത്തിയ കഥയ്ക്ക്‌ പിന്നിലെ യാഥാര്‍ത്ഥ്യമെന്നു യുക്തിയുള്ള ആര്‍ക്കും മനസിലാകും. കൂടുതല്‍ സ്നേഹം കൊടുത്ത് വളര്‍ത്തിയ മകനെ എന്തിന്റെ പേരിലായാലും കലാകാരനും കരുണാ ഹൃദയനുമായ ഏതൊരു അച്ഛനും കൊല്ലാന്‍ തയ്യാറാവുകയില്ല എന്ന സാമാന്യ യുക്തി മാത്രം മതിയാകും ഇത് തിരിച്ചറിയാന്‍.
   ഇങ്ങനെ ഓരോ പുരാണങ്ങളും പുനര്‍വായനയ്ക്ക് വിധേയമാക്കുമ്പോള്‍ അതെഴുതപ്പെട്ട കാലത്തിലെ ജീവതത്തിന്റെ പൊരുള്‍, അടിസ്ഥാനവര്‍ഗ്ഗം പണ്ടുമുതല്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും അതിനെതിരെ നടന്നിട്ടുള്ള ചെറുത്തു നില്‍പ്പുകള്‍ സാദ്ധ്യമായത് എങ്ങനെ എന്നും നമുക്ക് മനസിലാക്കാന്‍ കഴിയും. അതിലൂടെ സമൂഹത്തിന്റെ ഇതഃപര്യന്തമുള്ള വികാസവഴികളില്‍ എക്കാലവും ഭരിയ്ക്കുന്നവനും ഭരിയ്ക്കപ്പെടുന്നവനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ നൈരന്തര്യവും രൂപപരിണാമങ്ങളും എങ്ങനെയൊക്കെയായിരുന്നു എന്നതിന്റെ സംശയലേശമില്ലാത്ത  ചിത്രങ്ങള്‍ വ്യക്തമാകുകയും ചെയ്യും.